ഹൈദരാബാദ് : വരുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ ജനസേനയുമായി ചേര്‍ന്ന് മത്സരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി (BJP Janasena party seat adjustment in Telangana). ജനസേന നേതാവും നടനുമായ പവന്‍ കല്യാണ്‍, ബിജെപി തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ കിഷന്‍ റെഡ്ഡി എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് അമിത് ഷാ സംസ്ഥാനത്ത് യോജിച്ച് നീങ്ങാന്‍ നിര്‍ദേശം നല്‍കിയത്. സഖ്യം സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ പ്രാഥമിക ധാരണ ആയെന്നാണ് സൂചന. തെലങ്കാനയിലെ സഖ്യം സംബന്ധിച്ച് പവന്‍ കല്യാണും കിഷന്‍ റെഡ്ഡിയും അമിത് ഷായുമായി ബുധനാഴ്‌ച വൈകിട്ട് ഡല്‍ഹിയില്‍ 40 മിനിറ്റ് ചര്‍ച്ച നടത്തി (Telangana Election 2023).
വെള്ളിയാഴ്‌ച താന്‍ ഹൈദരാബാദിലെത്തുമെന്നും അതിനിടെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തണമെന്നും അമിത് ഷാ നിര്‍ദേശിച്ചതായാണ് വിവരം. ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യ കാര്യത്തില്‍ ധാരണയായെങ്കിലും ഏതൊക്കെ സീറ്റുകളില്‍ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഹൈദരാബാദ്, മഹബൂബ് നഗര്‍, ഖമ്മം, നല്‍ഗൊണ്ട, മേദക്ക് എന്നിവിടങ്ങളിലായി 33 സീറ്റുകള്‍ ലഭിക്കണമെന്നാണ് ജനസേന പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
ആന്ധ്രാപ്രദേശ് രാഷ്ട്രീയവും പവന്‍ കല്യാണ്‍ അമിത് ഷാ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്‍റെ ദുരവസ്ഥ കൂടിക്കാഴ്‌ചയില്‍ പവന്‍ കല്യാണ്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങളില്‍ തനിക്കാവുന്ന തരത്തില്‍ ഇടപെടാമെന്നും ആന്ധ്രയുടെ വികസനത്തിന് ആവശ്യമായ സഹായം നല്‍കാമെന്നും അമിത് ഷാ ഉറപ്പു നല്‍കി.