ഹൈദരാബാദ് : ഈ വർഷാവസാനം നടക്കുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാനാർഥികളിൽ നിന്ന് അപേക്ഷ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുമെന്ന് തെലങ്കാന കോണ്‍ഗ്രസ്. കർണാടക മാതൃകയുടെ ചുവടുപിടിച്ച്, എസ്‌സി, എസ്‌ടി വിഭാഗങ്ങളില്‍ നിന്നുള്ളവരും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും 25,000 രൂപയും ബാക്കിയുള്ളവര്‍ 50,000 രൂപയുമാണ് അപേക്ഷാഫീസായി നല്‍കേണ്ടത്.
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആവിഷ്കരിക്കാന്‍ മുൻ ഉപമുഖ്യമന്ത്രി ദാമോദർ രാജ നരസിംഹയുടെ നേതൃത്വത്തിൽ കോൺഗ്രസ് മൂന്നംഗ ഉപസമിതി രൂപീകരിച്ചതായി പാനലിലെ അംഗങ്ങളിലൊരാളായ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്‍റ് മഹേഷ് കുമാർ ഗൗഡ് അറിയിച്ചു.
'ഇന്ന് ഉച്ചയോടെ, സ്ഥാനാർഥികൾക്ക് പൂരിപ്പിക്കുന്നതിന് ആവശ്യമായ ഫോമുകൾ ഞങ്ങൾ അപ്‌ലോഡ് ചെയ്യും. അപേക്ഷ പൂരിപ്പിച്ച് ഡിഡി (50,000 അല്ലെങ്കിൽ 25,000 രൂപ) സഹിതം ഓഗസ്റ്റ് 25 ന് മുമ്പ് സമർപ്പിക്കണം. ഉപസമിതി 25,000 രൂപ (ജനറൽ വിഭാഗത്തിന്) ശുപാർശ ചെയ്തെങ്കിലും പാർട്ടിയുടെ ഉന്നത നേതൃത്വം ഫീസ് 50,000 രൂപയായി നിശ്ചയിക്കുകയായിരുന്നു' - ഗൗഡ് പറഞ്ഞു.
കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും മത്സരിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് പാർട്ടി അപേക്ഷാഫീസ് ഈടാക്കിയിരുന്നില്ല. എന്നാൽ 2009-ലെ തെരഞ്ഞെടുപ്പിൽ 10,000 രൂപ ഫീസായി ഈടാക്കിയിരുന്നു. അപേക്ഷാഫീസ് നിശ്ചയിച്ചതിലൂടെ തെറ്റായ അപേക്ഷകൾ എത്തുന്നത് കുറയുമെന്നും, മത്സരിക്കാൻ ആഗ്രഹമുള്ളവർ മാത്രം എത്തുമെന്നാണ് പ്രതീക്ഷയെന്നും മഹേഷ് കുമാർ ഗൗഡ് കൂട്ടിച്ചേർത്തു.