തേജ സജ്ജ നായകനായി എത്തുന്ന പാൻ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ചിത്രമാണ് 'ഹനുമാന്‍' (Hanuman). പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ പ്രശാന്ത് വര്‍മ (Prasanth Varma) സംവിധാനം ചെയ്‌ത ചിത്രം 'ഹനുമാന്‍' ട്രെയിലര്‍ റിലീസിനെ കുറിച്ചുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത് (Hanuman Trailer Release). ഡിസംബർ 19നാണ് 'ഹനുമാന്‍' ട്രെയിലര്‍ റിലീസ് ചെയ്യുക.
ട്രെയിലര്‍ അനൗന്‍സ്‌മെന്‍റ് പോസ്‌റ്ററും അണയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കണ്ണുകൾ അടച്ച് ദൈവത്തോട് പ്രാർത്ഥിക്കുന്ന തേജ സജ്ജയെ ആണ് പോസ്‌റ്ററില്‍ കാണാനാവുക. തേജ സജ്ജയുടെ പിന്നില്‍ ഒരു കൂറ്റന്‍ ഹനുമാൻ വിഗ്രഹത്തെയും പോസ്‌റ്ററില്‍ കാണാം.
നേരത്തെ 'ഹനുമാന്‍' ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ടീസർ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്‌തിരുന്നു. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും 'ഹനുമാന്‍റെ' പോസ്‌റ്ററുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ആദ്യ ഭാഗമാണ് ചിത്രം. സൂപ്പർ ഹീറോ 'ഹനുമാനെ' കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം. ഇന്ത്യന്‍ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സൂപ്പര്‍ ഹീറോകളെ കുറിച്ച് ഒരു സിനിമാറ്റിക് വേള്‍ഡ് സമ്മാനിക്കുകയാണ് 'ഹനുമാനി'ലൂടെ സംവിധായകന്‍.
Also Read: Hanuman Movie Promotions Starts :'ഗണേശ ഭഗവാന്‍റെ അനുഗ്രഹത്തോടെ പ്രമോഷന്‍ ആരംഭിച്ചു' ; സംക്രാന്തി റിലീസായി ഹനുമാന്‍
ഇതിഹാസ രാമായണത്തിലെ ഹനുമാനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹനുമാന്‍റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്‍റെ ഒരു നേർക്കാഴ്‌ച ആയിരിക്കും തേജ സജ്ജ നായകനാകുന്ന ചിത്രം. 2024 സംക്രാന്തി റിലീസായി ജനുവരി 12നാണ് ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുക. ചിത്രം ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യും.
'ഹനുമാനെ' കുറിച്ച് സംവിധായകന്‍ പ്രശാന്ത് വര്‍മ നേരത്തെ പ്രതികരിച്ചിരുന്നു. 'എന്‍റെ മുൻ സിനിമകൾ കണ്ടാലും ചില പുരാണ പരാമർശങ്ങൾ നിങ്ങൾക്ക് കാണാം. പുരാണ കഥാപാത്രമായ ഹനുമാനെ കുറിച്ച് ആദ്യമായി ഞങ്ങൾ ഒരു മുഴുനീള ചിത്രം ചെയ്യുന്നു. ഒരുപാട് കഥാപാത്രങ്ങള്‍ ഉള്ളൊരു പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിക്കുകയാണ് ഞങ്ങൾ. നേരത്തെ ആതിര എന്നൊരു ചിത്രം ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സൂപ്പർ ഹീറോ സിനിമയും ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്.
ഈ സിനിമകള്‍ എല്ലാം നമ്മുടെ പുരാണ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ളതായിരിക്കും. എന്നാൽ അവ ആധുനിക കാലത്ത്, അതേ രീതികൾ വച്ച് തന്നെ ചിത്രീകരിക്കപ്പെടും. അത്തരം ചിത്രങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടാകും. ഹനുമാന്‍, ഒരു തെലുഗു ചിത്രം മാത്രമല്ല, ഒരു അന്താരാഷ്ട്ര ചിത്രം കൂടിയാണ്. ഒരു പാൻ ഇന്ത്യന്‍ ചിത്രം മാത്രമല്ല, ഒരു പാൻ വേൾഡ് ചിത്രം കൂടിയാണ്' -പ്രശാന്ത് വര്‍മ പറഞ്ഞു.
തേജ സജ്ജയെ കൂടാതെ വരലക്ഷ്‌മി ശരത് കുമാർ, വിനയ് റായ്, വെണ്ണല കിഷോർ, സത്യ, രാജ് ദീപക് ഷെട്ടി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. അമൃത അയ്യർ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രൈം ഷോ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡി ആണ് നിര്‍മാണം. ദശരഥി ശിവേന്ദ്ര ഛായാഗ്രാഹണവും എസ്ബി രാജു തലാരി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഹരി ഗൗര, അനുദീപ് ദേവ്, ജയ് കൃഷ്, കൃഷ്‌ണ സൗരഭ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
Also Read:'അവകയാ അഞ്ജനേയാ'; സൂപ്പര്‍ ഹീറോ ഹനുമാനിലെ മൂന്നാമത്തെ ഗാനം പുറത്ത്