കൊല്‍ക്കത്ത :ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് കുനാൽ ഘോഷ്. കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് സുവേന്ദു അധികാരിക്ക് എന്തെങ്കിലും അറിവുണ്ടെങ്കിൽ അത് ആദ്യം പിതാവായ സിസിർ അധികാരിക്ക് പഠിപ്പിച്ച് കൊടുക്കണമെന്നായിരുന്നു പരാമര്‍ശം.
അതേസമയം മുകുള്‍ റോയ് ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ അയോഗ്യനാക്കാനുള്ള നീക്കവുമായി സുവേന്ദു അധികാരി രംഗത്തെത്തി. ബിജെപിക്ക് മുകുള്‍ റോയ് പോയത് കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ലെന്ന് സുവേന്ദു പറഞ്ഞിരുന്നു.
Also Read........അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി സുവേന്ദു അധികാരി
മുകുള്‍ പാര്‍ട്ടി വിടും മുമ്പുള്ള മര്യാദകളൊന്നും പാലിച്ചില്ലെന്ന് സുവേന്ദു ആരോപിച്ചു. കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുമെന്ന് ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിരുന്നു. ബിജെപി പ്രധാന പ്രതിപക്ഷമായത് കൊണ്ട് തൃണമൂല്‍ തങ്ങളെ ഉന്നമിടുമെന്ന് ഉറപ്പാണ്.
മുകുള്‍ റോയ് പോയതിന്‍റെ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്‍റേതാണ്. എന്നാല്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കൂറുമാറ്റ നിരോധന നിയമം നടപ്പാകുന്നുവെന്ന് ഉറപ്പാക്കുമെന്നും സുവേന്ദു പറഞ്ഞു.
അതേസമയം തൃണമൂല്‍ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടപ്പോള്‍ ഇതൊന്നും ചിന്തിച്ചിരുന്നില്ലേ എന്ന് ടിഎംസി നേതാക്കള്‍ തിരിച്ചടിച്ചു. കൂറുമാറ്റം നിയമപരമായി തെളിയിക്കപ്പെട്ടാല്‍ ജനപ്രതിനിധികള്‍ക്ക് ആറ് വര്‍ഷത്തേക്ക് മത്സരിക്കാന്‍ സാധിക്കില്ല.