ലഖ്‌നൗ: കാൻപൂർ നഗരത്തിലെ രണ്ട് വ്യവസായികളുടെ വീട്ടിലും ഓഫിസുകളിലും നടത്തിയ റെയ്‌ഡിൽ കോടികളുടെ നികുതി ക്രമക്കേട് കണ്ടെത്തി ഇൻകം ടാക്‌സ് വകുപ്പ്.
സുഗന്ധ വ്യാപാരി പീയുഷ് ജെയ്‌ൻ, പാൻ മസാല നിർമാതാവ് എന്നിവരുടെ ഓഫിസുകളിലും വീടുകളിലുമാണ് റെയ്‌ഡ് നടത്തിയത്. പിയൂഷ് ജെയിനിന്റെ കാൺപൂർ, കനൗജ്, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ വീട്, ഫാക്ടറി, ഓഫിസ്, കോൾഡ് സ്റ്റോർ, പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടന്നത്.
ഇൻകം ടാക്‌സ് റെയ്‌ഡിനൊപ്പം രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഹമ്മദാബാദിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്‌ടി ഇന്റലിജൻസ് (ഡിജിജിഐ) ഉദ്യോഗസ്ഥർ വ്യാഴാഴ്ച കാൺപൂരിലെ ഫാക്‌ടറി വളപ്പിലും പാൻ മസാല നിർമാതാവിന്റെ സ്ഥാപനങ്ങളിലും റെയ്‌ഡ് നടത്തി. റെയ്‌ഡിൽ ഇ-വേ ബില്ലുകൾ നൽകാതെ വ്യാജ ഇൻവോയ്‌സുകളുടെ മറവിൽ ചരക്കുകൾ വിൽക്കുന്നതായി കണ്ടെത്തി.
പീയുഷ് ജെയ്‌നിന്‍റെ ആനന്ദപുരിയിലെ വസതിയിലും, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇൻകം ടാക്‌സ് റെയ്‌ഡ് നടന്നു. റെയ്‌ഡിൽ 150 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുള്ളതായി ഉദ്യോഗസ്ഥർ കണ്ടെത്തി.
കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒരേസമയം ആരംഭിച്ച റെയ്ഡുകൾ രാത്രി വൈകിയാണ് അവസാനിച്ചത്. ആദായ നികുതി വകുപ്പിന്‍റെ മുംബൈ സംഘമാണ് റെയ്‌ഡിന് നേതൃത്വം നൽകിയത്. റെയ്‌ഡിൽ കോടികൾ വരുന്ന പണം പിടിച്ചെടുത്തു.