സേലം : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്‌ത് കര്‍ഷകന്‍. തമിഴ്‌നാട് സേലം ജില്ലയിലെ 85 കാരനായ തങ്കവേലാണ് കേന്ദ്ര നീക്കത്തിനെതിരെ ഇന്ന് ഡിഎംകെ ഓഫിസിന് മുന്നില്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്‌തത്. ഇയാള്‍ ഡിഎംകെയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
അദ്ദേഹം കൈവശം കരുതിയിരുന്ന ബാനറില്‍ കേന്ദ്ര നീക്കത്തോടുള്ള പ്രതിഷേധമാണുയര്‍ത്തിയത്. "മോദി സര്‍ക്കാരെ, കേന്ദ്ര സര്‍ക്കാരെ, ഞങ്ങള്‍ക്ക് ഹിന്ദി ആവശ്യമില്ല. ഞങ്ങളുടെ മാതൃഭാഷ തമിഴാണ്. ഹിന്ദി വിഡ്ഢികളുടെ ഭാഷയാണ്" - എന്ന് ബാനറില്‍ കുറിച്ചിരുന്നു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് വിദ്യാര്‍ഥികളുടെ ജീവിതത്തെ ബാധിക്കുമെന്നും അത് ഒഴിവാക്കൂ എന്നും ബാനറിലുണ്ടായിരുന്നു.
സഭ മുമ്പേ തള്ളി :അതേസമയം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ കഴിഞ്ഞ മാസമാണ് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കിയത്. ഈ നീക്കം അപ്രായോഗികമാണെന്നും ഹിന്ദി സംസാരിക്കാത്ത ജനങ്ങളെ സംബന്ധിച്ച് ഇത് വിഘടിപ്പിക്കുന്നതും വിവേചനപരവുമാണെന്നും പ്രമേയം വ്യക്തമാക്കിയിരുന്നു. ഓദ്യോഗിക ഭാഷ സംബന്ധിച്ച് പാര്‍ലമെന്‍ററി കമ്മിറ്റി 2022 സെപ്തംബർ ഒമ്പതിന് രാഷ്‌ട്രപതിക്ക് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന നിയമസഭ ആവശ്യപ്പെടുന്നു എന്നായിരുന്നു മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ അയച്ച പ്രമേയത്തിന്‍റെ ഉള്ളടക്കം.നടപടി തമിഴ് ഉള്‍പ്പടെയുള്ള സംസ്ഥാന ഭാഷകള്‍ക്കും അത് സംസാരിക്കുന്ന ജനങ്ങളുടെ ഇഷ്‌ടങ്ങള്‍ക്കും വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആര്‍ക്കാണ് വാശി ? :എന്നാല്‍ പാര്‍ലമെന്‍ററി കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠന മാധ്യമമായി ഹിന്ദിയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതില്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ് (ഐഐടികള്‍), ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസുകള്‍), കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവ ഉള്‍പ്പെടും. ഇതുകൂടാതെ കേന്ദ്രീയ വിദ്യാലയങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ടെക്‌നിക്കലും അല്ലാത്തതുമായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഹിന്ദി പഠന മാധ്യമമാക്കണമെന്നും അദ്ദേഹം നിര്‍ദേശം വച്ചിരുന്നു.
കത്തില്‍ 'കുത്ത്' :ഇതിന് പിന്നാലെയാണ് പാര്‍ലമെന്‍ററി കമ്മിറ്റി ഈ റിപ്പോര്‍ട്ട് രാഷ്‌ട്രപതിക്ക് അയയ്‌ക്കുന്നത്. എന്നാല്‍ ഒക്‌ടോബര്‍ 16 ന് ഇതുസംബന്ധിച്ച് എംകെ സ്‌റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതിയിരുന്നു. ഭരണഘടനയിലെ എട്ടാം ഷെഡ്യൂള്‍ വിഭാവനം ചെയ്യുന്ന എല്ലാ ഭാഷകളെയും തുല്യമായി പരിഗണിക്കണമെന്നതും അദ്ദേഹം ഈ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.