ചെന്നൈ :500 റീട്ടെയില്‍ മദ്യ വില്‍പ്പനശാലകള്‍ അടച്ചുപൂട്ടാനൊരുങ്ങി തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ (TASMAC). മുമ്പ് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി 500 ചില്ലറ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടാനാണ് തമിഴ്‌നാട് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള മദ്യത്തിന്‍റെ ചില്ലറ വിൽപ്പനക്കാരായ ടാസ്‌മാക്കിന്‍റെ തീരുമാനം. ഈ മദ്യവില്‍പ്പനശാലകള്‍ ജൂണ്‍ 22 മുതല്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് ടാസ്‌മാക് വ്യക്തമാക്കി.
അടച്ചുപൂട്ടലിലേക്ക് വന്നത് ഇങ്ങനെ :മുന്‍ എക്സൈസ് ആൻഡ് പ്രൊഹിബിഷൻ മന്ത്രിയും അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്‌ത വി.സെന്തില്‍ ബാലാജി, 2023 ഏപ്രില്‍ 12 നാണ് ചില്ലറ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് നിയമസഭയില്‍ പ്രഖ്യാപനം നടത്തുന്നത്. തുടര്‍ന്ന് 2023 ഏപ്രില്‍ 20 ന് 500 ചില്ലറ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജൂണ്‍ 22 മുതല്‍ പ്രസ്‌തുത മദ്യവില്‍പ്പനശാലകള്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് ടാസ്‌മാക് പ്രസ്‌താവനയിലൂടെ അറിയിക്കുകയായിരുന്നു.
മന്ത്രി മാറി, നിലപാട് മാറിയില്ല :ഇഡി ചോദ്യം ചെയ്‌ത് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ തുടരുന്ന സെന്തില്‍ ബാലാജിയില്‍ നിന്നും അദ്ദേഹം വഹിച്ചിരുന്ന വകുപ്പുകള്‍ എസ്.മുത്തുസാമിക്ക് സര്‍ക്കാര്‍ കൈമാറിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 500 ചില്ലറ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടുമെന്ന് മുത്തുസാമിയും വ്യക്തമാക്കി. സർക്കാര്‍ ടാസ്‌മാക് മുന്നോട്ടുകൊണ്ടുപോവുന്നത് പണമിടപാട് നടത്തുന്നതിനോ സർക്കാരിന്‍റെ ഖജനാവിൽ പണം കണ്ടെത്തുന്നതിനോ അല്ല. പകരം മദ്യത്തിന് അടിമകളാകുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ്. മദ്യവിൽപ്പനയിൽ 50,000 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവച്ചത്, അനധികൃത ചാരായം, വാറ്റ് എന്നിവ തടയാൻ കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി.