എറണാകുളം : 2022ൽ എവിഎം സ്റ്റുഡിയോസ് പ്രൊഡക്ഷനില്‍ അറിവ് അഴകൻ സംവിധാനം ചെയ്‌ത് സോണി ലിവ് സംപ്രേഷണം ചെയ്‌ത ടെലിവിഷൻ പരമ്പരയായിരുന്നു തമിഴ് റോക്കേഴ്‌സ്. ഇന്ത്യൻ സിനിമാവ്യവസായത്തെ പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ സിനിമ വ്യവസായത്തെ പ്രതിസന്ധിയിൽ ആഴ്ത്തിയ തമിഴ് റോക്കേഴ്‌സിന്‍റെ കഥയാണ് പരമ്പര പ്രതിപാദിക്കുന്നത് (Tamil Rockers Renamed To Tamil Blasters).
തിയേറ്ററിൽ റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽ സിനിമകൾ ഡിവിഡി രൂപത്തിലും, ഓൺലൈൻ റിപ്പ് ഫയലുകളുമായി ജനങ്ങളിലേക്ക് എത്തുന്നത് സിനിമാലോകം ഭയത്തോടുകൂടിയാണ് നോക്കിക്കണ്ടിരുന്നത്. 2018 ൽ ഇത്തരം പൈറസി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന തമിഴ് റോക്കേഴ്‌സ് അഡ്‌മിൻമാരായ കാർത്തിയും ജോൺസനും ജഗനും അറസ്റ്റിലായതോടെ പൈറസി വ്യവസായത്തിന് അവസാനമായെന്ന് എല്ലാവരും കരുതി. പക്ഷേ പൈറസിക്ക് പര്യവസാനമായില്ല. ഈ സംഭവ വികാസങ്ങൾ കൃത്യമായി പ്രതിപാദിക്കുന്നതാണ് തമിഴ് റോക്കേഴ്‌സ് എന്ന പരമ്പര.
ഇതില്‍ അരുൺ വിജയ്, അഴകം പെരുമാൾ അവതരിപ്പിച്ച കഥാപാത്രത്തോട് സംസാരിക്കുന്ന ഒരു രംഗമുണ്ട്. അഴകം പെരുമാളിന്‍റെ കഥാപാത്രം ഒരു വലിയ സിനിമ നിർമ്മാതാവാണ്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം തമിഴിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിനെ നായകനാക്കി പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നു. റിലീസിന് മുമ്പേതന്നെ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്തിറക്കുമെന്ന് തമിൾ റോക്കേഴ്‌സിന്‍റെ ഭീഷണി വരുന്നു. ആ സമയം നിർമ്മാതാവിനെ കാണാൻ എത്തുന്ന പൊലീസ് കഥാപാത്രമായ അരുൺ വിജയ്‌യോട് നിർമ്മാതാവിന്‍റെ കഥാപാത്രം പറയുന്ന വാക്കുകൾ വളരെ ശ്രദ്ധിക്കേണ്ടതാണ്.
'എന്‍റെ ചിത്രം തമിഴിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിനെ നായകനാക്കി പുറത്തിറങ്ങുന്നു. ആദ്യത്തെ ഒരാഴ്‌ച ഏതുതരത്തിലുള്ള വ്യാജ പ്രിന്‍റ് ഇറങ്ങിയാലും ഒരു പ്രശ്‌നവുമില്ല. എന്നാൽ ഒരാഴ്‌ചയ്ക്ക് അപ്പുറം 5000 രൂപയുടെ ഒരു ഷർട്ട് 50 രൂപയ്ക്ക് പ്ലാറ്റ്‌ഫോമിൽ ലഭിക്കുമെങ്കിൽ മിഡിൽ ക്ലാസ് മെന്‍റാലിറ്റി ഉള്ള സാധാരണ ജനങ്ങൾ അൻപത് രൂപ ഷർട്ടിന് പുറകെ പോകും. അതുതന്നെയാണ് സിനിമയ്ക്കും സംഭവിക്കുക. 180 രൂപ ഒരാൾ ചെലവാക്കി കുടുംബം മുഴുവൻ തിയേറ്ററിലേക്ക് പോയി പടം കാണുന്നതിനുപകരം 20 രൂപ ഡി വി ഡി വാങ്ങി കുടുംബത്തോടൊപ്പം ആ ചിത്രം അവർ കാണും.
തിയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്നവർ സിനിമ തിയേറ്ററിലേ കാണുകയുള്ളൂ. എന്നാൽ സാധാരണക്കാരുടെ കാര്യം അങ്ങനെയല്ല. അവരെ സംബന്ധിച്ചിടത്തോളം സിനിമ കാണുക എന്നതിൽ മാത്രമാണ് കാര്യം. അവര്‍ ഓൺലൈനിലോ, ഡിവിഡി, ലാപ്ടോപ്പ്, ഫോൺ എന്നിവ മുഖേനയോ സിനിമ കാണും. ഇതിനിടയിൽ സിനിമയുടെ റിവ്യൂ മോശമാവുകയാണെങ്കില്‍ പിന്നെ തമിഴ് റോക്കേഴ്‌സിന്‍റെ പൂണ്ടുവിളയാട്ടം ആണ്. കോടികൾ മുടക്കിയ ചിത്രം തിയേറ്ററിൽ വാഷ് ഔട്ട്'.
നായകകഥാപാത്രം ചോദിക്കുന്നുണ്ട് സിനിമയുടെ ക്വാളിറ്റി എന്നൊരു സംഭവം ഇല്ലേ എന്ന്. അതിന് നിർമാതാവ് പറയുന്നത്, അത് വെറും എ ക്ലാസ് ഓഡിയൻസിന്, പിന്നെ ചില ഫിലിം ക്രിട്ടിക്‌സിനും, ഫാൻസിനും മാത്രം... ബാക്കിയുള്ളവർക്ക് എന്ത് ക്വാളിറ്റി. ജനങ്ങളുടെ ഇത്തരം ചിന്താഗതിയാണ് തമിഴ് റോക്കേഴ്‌സിനെ പൈറസി കുറ്റകൃത്യങ്ങളുടെ മുടിചൂടാമന്നൻ ആക്കിയത്. തമിഴ് റോക്കേഴ്‌സിന്‍റെ ചരിത്രം പരിശോധിച്ചാൽ പല രൂപത്തിലും ഭാവത്തിലും വർഷങ്ങളായി അത് ഇവിടെത്തന്നെ ഉണ്ടായിരുന്നു. സിനിമ ടേപ്പുകൾ ഇറങ്ങുന്ന കാലംതൊട്ട് തിയേറ്റർ പ്രിന്‍റ് ഇവിടെ പ്രചരിച്ചിരുന്നു (Piracy in Indian Movie Sector).
തമിഴ് റോക്കേഴ്‌സ് ഇനി തമിഴ് ബ്ലാസ്റ്റേഴ്‌സ് തമിഴ് യോഗി, തിരുട്ടു വിസിഡി എന്നിങ്ങനെ നിരവധി പേരുകളിൽ ഇത്തരം പൈറസി ആക്‌ടിവിറ്റികൾ ചെയ്‌തുകൊണ്ടിരുന്ന സംഘങ്ങളെ ഒരുമിപ്പിച്ച് തമിഴ് റോക്കേഴ്‌സ് സംഘം ടോറന്‍റില്‍ പ്രത്യക്ഷപ്പെടുന്നു. അക്കാലത്ത് തമിഴ് സിനിമ ഏറ്റവും ഭയന്നിരുന്നത് മലേഷ്യ, സിംഗപ്പൂർ റിലീസുകൾ ആയിരുന്നു. ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകൾ മുമ്പേ തന്നെ ചിത്രങ്ങൾ മലേഷ്യയിലും സിംഗപ്പൂരിലും റിലീസ് ചെയ്യും. തമിഴ് ആധിപത്യം കൂടുതലുള്ള മലേഷ്യ, സിംഗപ്പൂർ തെരുവുകളിലെ തിയേറ്ററുകളിൽ യാതൊരു നിയമവ്യവസ്ഥയുടെയും നൂലാമാലകൾ ഇല്ലാതെ വളരെ ഈസിയായി തിയേറ്റർ സ്ക്രീനിൽ നിന്നും ചിത്രം പകർത്തിയെടുക്കാം.
മലേഷ്യ ദുബായ് സ്വിറ്റ്‌സർലൻഡ് തുടങ്ങി കോപ്പിറൈറ്റ് നിയമവിരുദ്ധം അല്ലാത്ത നാടുകളിലെ സെർവറുകളിൽ നിന്നും നാട്ടിൽ നിന്നും ഇത്തരം സിനിമകൾ ഇന്‍റർനെറ്റിലേക്ക് അപ്‌ലോഡ് ചെയ്യും. ഇന്ത്യൻ ഡിഫൻസിന് മാത്രം സുപരിചിതമായ ഡാർക്ക് വെബ്സൈറ്റുകളിലേക്ക് കടന്നുകയറാൻ ഇപ്പോഴും നമ്മുടെ സൈബർ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്. ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന ഫയലുകൾ ഡാർക്ക് വെബ് സെർവറുകളിൽ നിന്ന് തമിഴ് റോക്കേഴ്‌സ് സൈറ്റുകൾ വഴി നമ്മുടെ ഗൂഗിൾ സെർച്ചിലേക്ക് എത്തുന്നു. ഒരു യുആർഎൽ ബ്ലോക്ക് ചെയ്‌താൽ ബ്ലോക്ക് ചെയ്‌ത ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ തന്നെ പ്രോക്‌സി സംവിധാനം പ്രവർത്തനസജ്ജമായി റിസർവ് സൈറ്റിലേക്ക് ഓട്ടോമാറ്റിക്കായി ലിങ്ക് റീഡയറക്‌ട് ആകും.
നമ്മുടെ സൈബർ വിഭാഗം എത്ര പരിശ്രമിച്ചാലും ഇത് തുടർന്നുകൊണ്ടേയിരിക്കും. ഇതിനിടയിൽ ലക്ഷക്കണക്കിന് ഡൗൺലോഡുകൾ സംഭവിച്ചിട്ടുണ്ടാകും. ഒരു ലിങ്ക് ബ്ലോക്ക് ചെയ്യാൻ കൃത്യമായി സാധിക്കാത്ത നമ്മുടെ സൈബർ വിഭാഗത്തിന് തമിഴ് റോക്കേഴ്‌സിന്‍റെ നെറ്റ്‌വർക്ക് തൊടാൻ എങ്ങനെ സാധിക്കും. തമിഴ് റോക്കേഴ്‌സ് സത്യത്തിൽ ഒരു വ്യക്തിയല്ല. ഒരു പക്ഷേ സോഷ്യൽ മീഡിയയിൽ ഒരു ഗ്രൂപ്പ് സ്റ്റാർട്ട് ചെയ്യുന്നതുപോലെ എന്നെങ്കിലും എവിടെയെങ്കിലും (മിക്കവാറും തമിഴ്‌നാട്ടിൽ) ഒരു വ്യക്തി തുടങ്ങി വച്ചിട്ടുണ്ടാകാം. പിന്നീട് നെറ്റ്‌വർക്കിലേക്ക് നിരവധി ആളുകൾ നിരവധി രാജ്യങ്ങളിൽ നിന്ന് അഡ്‌മിൻ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.
കാലങ്ങൾ കഴിയുമ്പോൾ എണ്ണിയാലൊടുങ്ങാത്ത അഡ്‌മിൻ പാനലുകളുടെ ഒരു ശൃംഖല രൂപപ്പെടുകയാണ്. ആർക്കും എവിടെനിന്നും വെബ്സൈറ്റിലേക്ക് ഫയലുകൾ അപ്‌ലോഡ് ചെയ്യാം. അതുകൊണ്ടുതന്നെ എവിടെ നിന്ന് അപ്‌ലോഡ് ചെയ്‌തു എന്നുള്ളത് കണ്ടെത്തുക പ്രയാസമായിരിക്കും. അയൻ എന്ന സൂര്യ ചിത്രത്തിൽ തലൈവർ പടത്തിന് മലേഷ്യൻ റിലീസ് വ്യാജ ഡിവിഡിയും ആയി എത്തി തമിഴ്‌നാട്ടിൽ ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ തയ്യാറെടുക്കുന്ന ഒരു മാതൃക നമുക്ക് കാണാവുന്നതാണ്. ഇന്‍റര്‍നെറ്റ് സംവിധാനം പ്രായോഗികതലത്തിൽ കൂടുതൽ സൗകര്യപ്രദം ആകുന്നതിനുമുമ്പ് ഈ രീതിയിൽ ആയിരുന്നു വിദേശത്തുനിന്നും വ്യാജ പ്രിന്‍റുകൾ എത്തിച്ച് ഡിസ്ട്രിബ്യൂട്ട് ചെയ്‌തിരുന്നത്. ഇന്‍റർനെറ്റ് ശൃംഖല ശക്തിപ്പെട്ടതോടെ അത്തരം റിസ്‌ക് ഫാക്‌ടേർസ് വളരെയധികം കുറഞ്ഞു.
തമിഴ് റോക്കേഴ്‌സ് ഇനി തമിഴ് ബ്ലാസ്റ്റേഴ്‌സ് ഇന്ത്യയിൽ ഇന്‍റർനെറ്റ് ഉപയോഗം വർധിച്ചതും നിസ്സാര പൈസയ്ക്ക് ഇന്‍റർനെറ്റ് ലഭ്യമായതോടുകൂടി തമിഴ് റോക്കേഴ്‌സിനെ തൊടാൻ പോലും സാധിക്കാതെ ഇന്ത്യൻ പോലീസ് നെട്ടോട്ടമോടി. ഒന്നോ രണ്ടോ പേരെ അറസ്റ്റ് ചെയ്‌തു. ആശ്വാസ വാർത്തകൾ സിനിമാവ്യവസായത്തിന് നൽകിയെങ്കിലും മുറിച്ചെടുത്തുനിന്ന് പതിന്മടങ്ങ് ശക്തിയോടെ തമിഴ് റോക്കേഴ്‌സ് വളർന്നുകൊണ്ടേയിരുന്നു. എന്നാൽ അതിനൊരു അടിപതറൽ സംഭവിക്കുന്നത് ലോക്‌ഡൗൺ കാലത്ത് ആണ്. ഒ ടി ടി കളും, മിക്ക വീടുകളിലും എൽഇഡി ടിവികളും വന്നതോടെ സിനിമ കാണുന്നതിലെ ഗുണനിലവാരത്തില്‍ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.
ഡിവിഡി സ്ക്രീനർ എന്നപേരിൽ തിയേറ്റർ പ്രിന്‍റ് കോപ്പികൾ ജനങ്ങൾ കാണുന്നത് പൂർണമായും നിന്നു. ചിത്രം ഇറങ്ങി 20- 25 ദിവസം കഴിയുമ്പോൾ തന്നെ ഒ ടി ടി യിൽ ഹൈക്വാളിറ്റി ഫയൽ വരുന്നതോടെ തിയേറ്റർ പ്രിന്‍റ് കാണേണ്ട ആവശ്യം ജനങ്ങൾക്ക് ഇല്ലാതെ ആയി. എന്നാൽ ഒ ടി ടി ക്ക് തിരിച്ചടി കിട്ടിയത് ടെലഗ്രാം പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ്. സിനിമയുടെ ഹൈക്വാളിറ്റി റിപ്പ് ഫയലുകൾ ടെലഗ്രാം മുവി ഗ്രൂപ്പുകളിൽ കുമിഞ്ഞുകൂടി. ഒ ടി ടി വർഷാവർഷം ചാർജ് ചെയ്യുന്ന അമിതമായ തുകയാണ് ഇത്തരം ടെലഗ്രാം മുവി ഗ്രൂപ്പുകളെ തഴച്ചുവളർത്തിയത്. വിലവർധന തന്നെയാണ് ജനങ്ങളെ വീണ്ടും പൈറസി കാണുവാൻ പ്രേരിപ്പിക്കുന്നതും.
Torrent സൈറ്റുകൾ സിനിമ ഡൗൺലോഡ് ചെയ്യാൻ മാത്രമാണെന്ന് കരുതുന്ന ഒരു വിഭാഗം ജനത നമുക്കൊപ്പം ജീവിച്ചുപോരുന്നു. അവരുടെ മനോഭാവം മാറാതെ പൈറസിക്ക് അറുതി ഉണ്ടാകുമെന്ന് തോന്നുന്നില്ല. ടെലഗ്രാം മുവി ഗ്രൂപ്പുകളുടെ പ്രധാന ഫീഡർ തമിഴ് റോക്കേഴ്‌സ് പോലുള്ള സൈറ്റുകൾ തന്നെയാണ്. ആദ്യകാലങ്ങളിൽ ഒ ടി ടി സൈറ്റുകളിൽ നിന്നും ചില ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വളരെ ഈസിയായി സിനിമകൾ ഡൗൺലോഡ് ചെയ്‌ത് ടെലഗ്രാമിൽ പ്രചരിപ്പിച്ചു. പിന്നീട് ചില ഒ ടി ടി കളുടെ ഫയർവാൾ ശക്തിപ്പെട്ടതോടെ അത്തരം പ്രവർത്തനങ്ങൾ സംഭവിക്കാതെയായി. മാത്രമല്ല കോപ്പിറൈറ്റ് സംവിധാനം ടെലഗ്രാം ഗ്രൂപ്പുകളെ വലിയ രീതിയിൽ ബാധിച്ചതോടെ ടെലഗ്രാം ഗ്രൂപ്പുകൾക്കും ഷട്ടർ വീണുകൊണ്ടിരുന്നു. അപ്പോഴാണ് തമിഴ് റോക്കേഴ്‌സിന്‍റെ പേരുമാറ്റിയുള്ള കടന്നുവരവ്.
സിനിമ വെറുതെ നേരമ്പോക്കിന് മാത്രം കാണുന്ന ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം തമിഴ് റോക്കേഴ്‌സ് ചെയ്യുന്ന ചതി അവൻ അറിയുന്നില്ല. അവൻ ഉള്ളിടത്തോളം തമിഴ് റോക്കേഴ്‌സ് പുതിയ പേരിലും രൂപത്തിലും ഭാവത്തിലും വന്നുകൊണ്ടിരിക്കും. കൊറോണ പോലൊരു വൈറസ് തന്നെയാണ് തമിഴ് റോക്കേഴ്‌സ്. ലോകമൊട്ടാകെ പടർന്നുകിടക്കുന്ന തമിഴ് റോക്കേഴ്‌സ് ശൃംഖല മുറിക്കുക അത്രയെളുപ്പമല്ല. കുറച്ചുനാൾ പതിയിരുന്നാലും എവിടെനിന്നെങ്കിലും അതിന്‍റെ മിന്നായം പ്രകാശിച്ചുകൊണ്ടേയിരിക്കും. അവസാന അഡ്‌മിന്‍ പാസ്‌വേർഡ് മറ്റൊരാൾക്ക് ഷെയർ ചെയ്യപ്പെടാതിരിക്കുംവരെ.