തിരുച്ചിറപ്പള്ളി: തമിഴ്‌നാട് വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ ബിജെപി നേതാവ് എച്ച് രാജ. തമിഴ്‌നാട്ടിലെ ഏഴ് ഗ്രാമങ്ങൾക്ക് മേൽ സംസ്ഥാന വഖഫ് ബോർഡ് അവകാശവാദമുന്നയിച്ച വിഷയത്തിൽ പിശാചുക്കളാണ് സംസ്ഥാനം ഭരിക്കുന്നത് എന്ന് എച്ച് രാജ പ്രതികരിച്ചു.
തിരുച്ചിറപ്പള്ളി ജില്ലയിലെ തിരുച്ചെന്തുറൈ ഗ്രാമം മുഴുവൻ വഖഫ് ബോർഡിന്‍റേതാണെന്ന ബോർഡ് ചെയർമാന്‍റെ പ്രഖ്യാപനം നിയമവിരുദ്ധമാണ്. തിരുച്ചെന്തുറൈലെയും തിരുവെരുമ്പൂരിലെയും ഹിന്ദുക്കളുടെ സ്വത്തുക്കൾ തട്ടിയെടുക്കാനാണ് വഖഫ് ബോർഡിന്‍റെ ശ്രമം. തട്ടിപ്പ് നടത്തിയ വഖഫ് ബോർഡ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എച്ച് രാജ പറഞ്ഞു.
ഗ്രാമങ്ങളിലെ ഹിന്ദുക്കളെ മാത്രമല്ല, മുസ്ലീങ്ങളെയും വഖഫ് ബോർഡിന്‍റെ നടപടി ബാധിക്കുന്നുണ്ട്. മതേതരമാണെന്ന് പറയുന്ന ഡിഎംകെ സർക്കാർ മുസ്ലീം, ക്രിസ്‌ത്യൻ ജനങ്ങളുടെയും സ്വത്തുക്കൾ ബോർഡിന്‍റെ കീഴിൽ കൊണ്ടുവരണമെന്ന് എച്ച് രാജ പരിഹസിച്ചു.
തിരുച്ചെന്തുറൈ, സെമ്പൻകുളം, പെരിയനായകഛത്രം, ചിറ്റനന്തം, കോമക്കുടി, മാമേട്, ബാഗനൂർ എന്നീ ഏഴ് വില്ലേജുകളാണ് തങ്ങളുടെ ഉടമസ്ഥതയിലാണെന്ന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് ബോർഡ് രജിസ്ട്രാർ ഓഫിസിന് നോട്ടീസ് അയച്ചിരുന്നു. നിലവിൽ ഈ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് തങ്ങളുടെ ഭൂമി വിൽക്കാനും മറ്റുള്ളവർക്ക് ഗ്രാമത്തിലെ വസ്‌തു വാങ്ങാനും കഴിയാത്ത അവസ്ഥയാണ്.
ഇതിനെതിരെ പ്രതിഷേധം നടത്തുമെന്ന് തിരുച്ചെന്തുറൈ ഗ്രാമവാസികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശ്രീരംഗം റവന്യു കമ്മിഷണർ വൈദ്യനാഥന്‍റെ നേതൃത്വത്തിൽ ഗ്രാമവാസികളും വഖഫ് ബോർഡ് അംഗങ്ങളും ചേർന്ന് നടത്തിയ സമാധാന ചർച്ചയിൽ തിരുച്ചെന്തുറൈ, കടിയകുറിച്ചി വില്ലേജുകളിലെ ജനങ്ങൾക്ക് ഇന്നു മുതൽ പട്ടയം രജിസ്റ്റർ ചെയ്യാമെന്ന് ശ്രീരംഗം റവന്യൂ കമ്മിഷണർ വൈദ്യനാഥൻ ഉത്തരവിട്ടു. ഇതേത്തുടർന്ന് ഗ്രാമവാസികൾ പ്രതിഷേധം ഉപേക്ഷിച്ചു.