ചെന്നൈ : തമിഴ്‌നാട് മധുരയിൽ വിവാഹദിവസം വധുവിന് വരന്‍റെ സുഹൃത്തുക്കൾ നൽകിയ 'സമ്മാനം' വ്യത്യസ്‌തമായി. ക്രിക്കറ്റ് ക്ലബ്ബില്‍ കളിക്കാൻ വരനെ അനുവദിക്കണമെന്ന് എഴുതിയ മുദ്രപത്രമാണ് വധുവിന് നല്‍കിയത്. തേനിയിലെ ഒരു സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ അധ്യാപകനും ഉസിലംപട്ടി കീഴ്‌പുത്തൂർ സ്വദേശിയുമായ ഹരിപ്രസാദും പൂജയും തമ്മിലുള്ള വിവാഹവേളയിലാണ് രസകരമായ സംഭവം അരങ്ങേറിയത്.
ആദ്യം അമ്പരപ്പ്, പിന്നെ ആനന്ദം ; വിവാഹത്തിന് 'ക്രിക്കറ്റ് കളി ഉടമ്പടി' - വരന്‍ ക്രിക്കറ്റ് കളി
ഉസിലംപട്ടി സ്വദേശി ഹരിപ്രസാദും പൂജയും തമ്മിലുള്ള വിവാഹവേളയിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ക്രിക്കറ്റ് ക്ലബ്ബിൽ കളിക്കാൻ വരനെ അനുവദിക്കണമെന്നതായിരുന്നു സുഹൃത്തുക്കളുടെ ഉടമ്പടി
വിവാഹവേദിയിൽ വച്ച് ഹരിപ്രസാദിന്‍റെ സുഹൃത്തുക്കൾ ഒരു മഞ്ഞ ഫയൽ പൂജയ്‌ക്ക് നൽകുകയായിരുന്നു. ആദ്യം അതൊരു സാധാരണ വിവാഹ ആശംസ മാത്രമാണെന്ന് കരുതിയ വധുവിന് തെറ്റി. തുറന്ന് നോക്കിയപ്പോൾ ഭാവിയില്‍ എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഹരിപ്രസാദിനെ സൂപ്പർ സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിൽ കളിക്കാൻ അനുവദിക്കണമെന്ന് തമിഴില്‍ അഞ്ച് വരി എഴുതിയ ഉടമ്പടി മുദ്രപത്രമായിരുന്നു അതിനകത്ത്.
20 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ എഴുതിയ ബോണ്ട് വായിച്ചുനോക്കിയപ്പോൾ തമാശയാണെന്ന് കരുതിയ വധുവിനോട് പേപ്പറിൽ ഒപ്പിടാൻ സുഹൃത്തുക്കളും ടീമിലെ അംഗങ്ങളും ആവശ്യപ്പെട്ടു. ഒടുവിൽ മുദ്രപത്രത്തില്‍ പൂജ ഒപ്പിട്ടതോടെ ഹരിപ്രസാദിന്‍റെ സുഹൃത്തുക്കള്‍ ഹാപ്പി.