ചെന്നൈ :തമിഴ്‌നാട് സിഐഡി സംഘം നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് തിങ്കളാഴ്‌ച (ഓഗസ്റ്റ് 29) പുറത്തുവന്നത്. ഒരു ക്ഷേത്രത്തിലെ ഗണപതി വിഗ്രഹം മോഷണം പോയതുമായി ബന്ധപ്പെട്ട് ഐഡൽ വിങ് സംഘം തിരച്ചില്‍ നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ കളവുപോയ മറ്റ് 11 വിഗ്രഹങ്ങള്‍ കണ്ടെത്തി എന്നതാണ് ഇത്. അമേരിക്കയില്‍ മ്യൂസിയങ്ങളില്‍ നിന്നടക്കമാണ് മോഷണംപോയ, ഹിന്ദു ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.
എന്നാല്‍, ഉദ്യോഗസ്ഥര്‍ വിവരം പുറത്തുവിട്ടപ്പോഴല്ലാതെ വിഗ്രഹങ്ങൾ കാണാതായതിനെക്കുറിച്ച് ക്ഷേത്ര അധികൃതര്‍ അറിഞ്ഞിരുന്നില്ലെന്നതാണ് വിചിത്രമായ കാര്യം. നാഗപട്ടണം ജില്ലയിലെ പന്നത്തെരുവിലുള്ള അരുൾമിഗു പന്നക പരമേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്നുമാണ് ഗണേശ വിഗ്രഹം കാണാതായത്. ഈ സംഭവത്തില്‍ അമ്പലം സുരക്ഷ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. തുടര്‍ന്ന്, വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്കയിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതേ ക്ഷേത്രത്തിലെ മറ്റ് വിഗ്രഹങ്ങള്‍ കണ്ടെത്താനായതിന്‍റെ സന്തോഷത്തിലാണ് അന്വേഷണ സംഘം.
ആരുമറിയാതെ പോയ മോഷണം..! :''40 വർഷം മുന്‍പ് മോഷണം പോയ വിഗ്രഹത്തെക്കുറിച്ച് ക്ഷേത്ര വാച്ച്‌മാന്‍റെ പരാതിയിലാണ് അന്വേഷണം നടത്തിയത്. ഈ തിരച്ചിലില്‍ ക്ഷേത്രത്തിൽ നിന്നും കാണാതായ 11 പുരാതന വിഗ്രഹങ്ങൾ കൂടി കണ്ടെത്തി''- ഐഡൽ വിങ് ഡിജിപി കെ ജയന്ത് മുരളി പറഞ്ഞു. ക്ഷേത്ര ജീവനക്കാർ പോലും, മോഷണ വിവരം അറിയാതിരുന്നത് ആശ്ചര്യകരമാണ്. മേൽപ്പറഞ്ഞ പരാതിയിലെ ഒരു വിഗ്രഹം ഒഴികെ മറ്റുള്ളവയെക്കുറിച്ച് ഒരു പരാതിയും ഐഡൽ വിങ്ങിന് ലഭിച്ചിട്ടില്ല. അന്വേഷണത്തിൽ, ക്ഷേത്രത്തിൽ മൂന്ന് ഗണപതി വിഗ്രഹങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി.
അതിൽ ഒന്ന് ഇപ്പോഴും ക്ഷേത്രത്തിൽ ഉണ്ട്. മോഷണം പോയ രണ്ട് ഗണേശ വിഗ്രഹങ്ങളിൽ ഒരെണ്ണം യുഎസിലെ നോർട്ടൺ സൈമൺ മ്യൂസിയത്തിൽ നിന്നാണ് കണ്ടെത്തിയത്. മറ്റൊന്ന് ഇനിയും കണ്ടെത്താനുണ്ടെന്ന് ജയന്ത് മുരളി പറയുന്നു. വർഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ദേവിയുടെ ഒരു വിഗ്രഹം ന്യൂയോർക്കിലെ സൗത്ത്ബൈസിലെ ലേലം നടത്തുന്ന കേന്ദ്രത്തില്‍ നിന്നാണ് കണ്ടെത്തിയത്. രണ്ട് വിഗ്രഹങ്ങളും തിരിച്ച് രാജ്യത്തെത്തിക്കാനുള്ള നിയമപരമായ രേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. അവ ഉടൻ തന്നെ യുഎസ് അധികൃതര്‍ക്ക് കൈമാറുമെന്ന് ഡിജിപി പ്രസ്‌താവനയിലൂടെ മാധ്യമങ്ങളെ അറിയിച്ചു.
സഹായിച്ചതില്‍ ഫോട്ടോകളും :കുംഭകോണത്തെ മുതിർന്ന ഉദ്യോഗസ്ഥ നിർദേശിച്ച വഴികൾ പിന്തുടർന്നതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വർഷം ആദ്യം ഐഡൽ വിങ് സിഐഡിയാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്‌തത്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളുടെ ചരിത്രഘടനകള്‍ വ്യക്തമാക്കുന്ന 1,40,000 ഫോട്ടോഗ്രാഫുകളുടെ ശേഖരമുള്ള ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരി നൽകിയ ചിത്രങ്ങൾ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായകരമായി. ഇതിലൂടെ, യുഎസ് മ്യൂസിയങ്ങളിലെ സമാന വിഗ്രഹങ്ങള്‍ കണ്ടെത്താനും അത് മോഷണമുതലാണെന്ന് ഉറപ്പിക്കാനും സിഐഡി സംഘത്തിന് കഴിഞ്ഞു.