ചെന്നൈ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കർണാടകയ്‌ക്ക് പിന്നാലെ തമിഴ്‌നാടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കേരളത്തിൽ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ കൈവശം വയ്‌ക്കണമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. ഓഗസ്‌റ്റ് അഞ്ച് മുതൽ നിർദേശം പ്രാബല്യത്തിൽ വരുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ വ്യക്തമാക്കി.
അതിർത്തി ജില്ലകളിൽ കൂടുതൽ നിയന്ത്രണം
72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാഫലമാണ് സൂക്ഷിക്കേണ്ടത്. കൂടാതെ രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിലൂടെ പ്രവേശനാനുമതി ലഭ്യമാകും. നടപടി കർശനമായി നടപ്പിലാക്കുന്നതിന് അതിർത്തി ജില്ലകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മേൽപ്പറഞ്ഞവ കൈവശമില്ലാത്തവർക്ക് ചെക്ക്‌പോസ്‌റ്റുകളിൽ പരിശോധന ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.