കാഞ്ചീപുരം :തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ കത്തിമുനയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. തിരുവള്ളൂർ സ്വദേശികളായ പ്രകാശ് (31), ഗുമ്മിടിപൂണ്ടി സ്വദേശി നാഗു നാഗരാജ് (31) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ (ജനുവരി 14) രാത്രിയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസിനെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്, ഉദ്യോഗസ്ഥര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. 2022 ഡിസംബര്‍ 11നാണ് കേസിനാസ്‌പദമായ സംഭവം. യുവതി വീട്ടിലേക്ക് നടന്നുപോവുന്നതിനിടെ, മോട്ടോര്‍ ബൈക്കിലെത്തിയ യുവാക്കള്‍ പൊലീസുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനത്തില്‍ കയറ്റി. തുടര്‍ന്ന്, റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും അവിടെ ഉപേക്ഷിക്കുകയുമായിരുന്നു.
തുണയായത് 'കാവലന്‍' ആപ്പ് :സംസ്ഥാന പൊലീസിന്‍റെ 'കാവലൻ' ആപ്ലിക്കേഷനില്‍ അതിജീവിത പരാതി നൽകിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പൊലീസ് സൂപ്രണ്ട് സുധാകറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പ്രതികളെ വലയിലാക്കാന്‍ സഹായകരമായി.
ഇവര്‍ ഉപയോഗിച്ച ഇരുചക്ര വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ പോവുന്നതിനിടെ പ്രതി നാഗരാജ് പൊലീസിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചു. തുടര്‍ന്നാണ്, ഇവര്‍ക്ക് നേരെ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്ത് കീഴ്‌പ്പെടുത്തിയത്. പരിക്കേറ്റ പ്രതികളെ ആദ്യം കാഞ്ചീപുരത്തെ സർക്കാർ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്‌ധ ചികിത്സയ്ക്കായി ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.