ന്യൂഡൽഹി : ഛത്തീസ്‌ഗഡില്‍ ടിഎസ് സിംഗ് ദിയോയെ ഉപമുഖ്യമന്ത്രിയായി നിയമിച്ച് കോൺഗ്രസ്. സംസ്ഥാനത്ത് ഈവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇന്ന് ഡൽഹിയിൽ ചേർന്ന പാർട്ടി നേതൃ യോഗത്തിലാണ് ഈ സുപ്രധാന നീക്കം. ടിഎസിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നിർദേശം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രസ്‌താവനയിലൂടെ അറിയിച്ചു.
അൽപ്പസമയം മുൻപ് പാർട്ടി ഔദ്യോഗികമായി നിയമനം അറിയിക്കുകയായിരുന്നു. അദ്ദേഹം വിശ്വസ്‌തനായ കോൺഗ്രസ് നേതാവും കഴിവുള്ള ഭരണാധികാരിയുമാണെന്നും ഉപമുഖ്യമന്ത്രിയെന്ന നിലയിൽ ടി എസിന്‍റെ സേവനത്തിലൂടെ സംസ്ഥാനത്തിന് വലിയ നേട്ടമുണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ഛത്തീസ്‌ഗഡിലെ ജനങ്ങൾ കോൺഗ്രസിനെ വൻഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലായിരുന്നു യോഗം.
ഉപമുഖ്യമന്ത്രിയായ ശേഷം ടിഎസിന്‍റെ പ്രതികരണം :ഛത്തീസ്‌ഗഢ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കോൺഗ്രസ് പാർട്ടിയോട് നന്ദി അറിയിച്ച് ടിഎസ് സിങ് ദിയോ. ക്യാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയായി നിയോഗിക്കുകയായിരുന്നു. അതേസമയം താനും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും തമ്മിലുള്ള രണ്ടര വർഷത്തെ അധികാരം പങ്കിടൽ കരാറിനെ കുറിച്ച് എവിടെയും സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ ഉണ്ടാക്കിയ വാർത്തയാണിതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
2023 നവംബറിന് മുൻപ് നടക്കാനിരിക്കുന്ന ഛത്തീസ്‌ഗഡിലെ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ പേരിൽ ആയിരിക്കും നയിക്കുകയെന്നും ടിഎസ് സിങ് ദിയോ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക എന്നതായിരിക്കും ഞങ്ങളുടെ മുൻഗണന. തനിക്ക് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ താൻ നിറവേറ്റും. ഇങ്ങനെയാണ് കോൺഗ്രസിന്‍റെ പ്രവർത്തനം. ഒരുമിച്ച് നിൽക്കും. നിലവിൽ തനിക്ക് പ്രത്യേക ഉത്തരവാദിത്തങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നും സിങ് ദിയോ കൂട്ടിച്ചേർത്തു.
also read :ETV Bharat Exclusive | അർദ്ധരാത്രി പ്രധാനമന്ത്രിയുടെ വസതിയിൽ നിര്‍ണായക യോഗം ; തെരഞ്ഞെടുപ്പിനെ നേരിടാൻ മേഖല തിരിച്ച് പദ്ധതി ആസൂത്രണം
തീരുമാനം അഭിനന്ദിച്ച് മുഖ്യമന്ത്രി:കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ തീരുമാനത്തെ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അഭിനന്ദിച്ചിരുന്നു. ടിഎസ് സിങ് ദിയോയെ താൻ അഭിനന്ദിക്കുന്നു. ഹൈക്കമാൻഡിന്‍റെ ഈ തീരുമാനത്തിന് ശേഷം കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തും. യോഗത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തങ്ങൾക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള നിർദേശങ്ങൾ നൽകി.
ഇത് തങ്ങളുടെ പാർട്ടിയുടെ തീരുമാനമാണെന്നും ഭൂപേഷ് ബാഗേൽ കൂട്ടിച്ചേർത്തു. അതേസമയം സിങ് ദിയോയെ ഡിസിഎമ്മായി നിയമിച്ചതിനെ ഛത്തീസ്‌ഗഡ് ബിജെപി അധ്യക്ഷൻ അരുൺ സാവോ ചോദ്യം ചെയ്‌തു. ഗവർണറുടെയും മുഖ്യമന്ത്രിയുടെയും അധികാരം കോൺഗ്രസ് മറികടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
also read :ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിച്ച് ഗുസ്തി താരങ്ങൾ: ആസാദ് വെറും സമുദായനേതാവല്ലെന്ന് സാക്ഷി മാലിക്കും ബജ്രംഗ് പൂനിയയും