ചെന്നൈ: മയക്കുവെടിവച്ചെങ്കിലും തെന്നിമാറി രക്ഷപ്പെട്ട് കാട്ടില്‍ മറഞ്ഞ് നരഭോജിക്കടുവ. തമിഴ്‌നാട്ടിലെ നീലഗിരിയില്‍ 4 പേരെ കൊന്ന നരഭോജി കടുവയ്ക്കായി 20 ദിവസമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതാദ്യമായാണ് വനംവകുപ്പ് അധികൃതര്‍ക്ക് കടുവയെ കണ്‍മുന്നില്‍ കിട്ടുന്നത്. മയക്കുവെടിയുതിര്‍ത്തെങ്കിലും കൊള്ളാതെ കടുവ കുതിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഗൂഡല്ലൂര്‍, മസിനഗുഡി, പന്തല്ലൂര്‍ തുടങ്ങിയ നീലഗിരി ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ജൂലൈ മുതലാണ് ഇത് ആരംഭിച്ചതെന്ന് വനം വകുപ്പ് പറയുന്നു. 20 ലധികം കന്നുകാലികളെയും വകവരുത്തിയിരുന്നു.
Also read: കൊന്നത് നാലുപേരെ ; കൊലയാളി കടുവയെ വേട്ടയാടാന്‍ 20 അംഗ സംഘം മസിനഗുഡിയില്‍
കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മസിനഗുഡി നിവാസികള്‍ പ്രക്ഷോഭം കടുപ്പിച്ചതോടെയാണ് തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ കുമാർ നിരാജ് വേട്ടയാടുന്നതിനുള്ള പ്രത്യേക ഉത്തരവിറക്കിയത്. തുടര്‍ന്ന് തിരച്ചിലിനായി അഞ്ച് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു.
കുങ്കിയാന, പ്രത്യേക പരിശീലനം കിട്ടിയ നായ്‌ക്കൾ, ഡ്രോണ്‍ ക്യാമറകള്‍ തുടങ്ങി സര്‍വ സന്നാഹങ്ങളുമായി 160 ലേറെ പേരാണ് കടുവയ്ക്കായി മുതുമല ടൈഗർ റിസർവിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തുന്നത്. കടുവയെ ജീവനോടെ പിടികൂടണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.