കൊൽക്കത്ത: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ഫൈനലിൽ ഹിമാചൽ പ്രദേശ് മുംബൈയെ നേരിടും. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ഹിമാചൽ പ്രദേശ് പഞ്ചാബിനെയും, മുംബൈ വിദർഭയെയും കീഴടക്കിയാണ് ഫൈനൽ ടിക്കറ്റ് നേടിയത്. നവംബർ അഞ്ചിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിലാണ് ഫൈനൽ മത്സരം.
ഇന്ന് നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബിനെ 13 റണ്‍സിന് തകർത്താണ് ഹിമാചൽ ഫൈനൽ യോഗ്യത നേടിയത്. ഹിമാചലിന്‍റെ 177 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 163 റണ്‍സ് നേടാനേ സാധിച്ചുള്ളു. ഹിമാചലിന് വേണ്ടി സുമീത് വർമ (51), ആകാശ് വസിഷ്‌ട് (43) എന്നിവർ തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി ശുഭ്‌മാൻ ഗിൽ (45) മാത്രമാണ് പോരാടിയത്. 10-ാം ഓവറിൽ ഗിൽ പുറത്തായത് പഞ്ചാബിന് തിരിച്ചടിയായി. അന്മോൾപ്രീത് സിങ് 25 പന്തിൽ 30 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ നായകൻ മന്ദീപ് സിങ് (29), രമണ്‍ദീപ് സിങ് (29) എന്നിവർ പൊരുതിയെങ്കിലും വിജയം നേടാനായില്ല.
അതേസമയം വിദർഭക്കെതിരെ അഞ്ച് വിക്കറ്റിന്‍റെ അനായാസ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത വിദർഭയുടെ 165 റണ്‍സ് വിജയ ലക്ഷ്യം മുംബൈ 16.5 ഓവറിൽ അഞ്ച് വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. 44 പന്തിൽ 73 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് മുംബൈക്ക് അനായാസ വിജയം സമ്മാനിച്ചത്. പൃഥ്വി ഷാ (34), സർഫറാസ് ഖാൻ (27) എന്നിവരും മികച്ച രീതിയിൽ ബാറ്റ് വീശി.
അദ്യം ബാറ്റ് ചെയ്‌ത വിദർഭ ജിതേഷ് ശർമ (46), അപൂർവ് വാങ്കഡെ (34) എന്നിവരുടെ ബാറ്റിങ് മികവിലാണ് പൊരുതാവുന്ന സ്‌കോർ സ്വന്തമാക്കിയത്. മുംബൈക്കായി ഷംസ് മുലാനി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.