ലഖ്‌നൗ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍പ്രദേശില്‍ വന്‍ അടിയൊഴുക്കുകളാണ് നടക്കുന്നത്. മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്‌പി ടിക്കറ്റില്‍ ജയിച്ച എംഎല്‍എമാര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. ഒമ്പത് എംഎല്‍എമാര്‍ എസ്‌പി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി.
Read More.................പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം, ബി.എസ്.പിയുടെ മുതിര്‍ന്ന അംഗങ്ങള്‍ പുറത്ത്
ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. ഇരുപത് മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ചർച്ച വിഷയം എന്നാണ് സൂചന. നല്ല കൂടിക്കാഴ്ചയായിരുന്നുവെന്നാണ് ജൗൻപൂർ ജില്ലയിലെ മുംഗ്ര ബാദ്ഷാപൂർ നിയമസഭ മണ്ഡലത്തിലെ എംഎൽഎ സുഷമ പട്ടേൽ പറഞ്ഞത്. വ്യക്തിപരമായി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്നും അവര്‍ അറിയിച്ചു.
ബിഎസ്‌പിയില്‍ പോര് മുറുകുന്നു
ബിഎസ്‌പിയില്‍ നിലവില്‍ ആഭ്യന്തര പോര് രൂക്ഷമാണ്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 19 പേരാണ് ബിഎസ്‌പി ടിക്കറ്റില്‍ ജയിച്ചത്. ഒരു സീറ്റ് ബിഎസ്‌പിക്ക് ഉപതെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 11 എംഎല്‍എമാരെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മായാവതി പുറത്താക്കുകയുമുണ്ടായി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട രണ്ടു മുതിര്‍ന്ന അംഗങ്ങളും ഇതില്‍പ്പെടും. കഴിഞ്ഞ വര്‍ഷം രാജ്യസഭ തെരഞ്ഞെടുപ്പ് വേളയിലാണ് ഏഴ് എംഎല്‍എമാരെ മായാവതി പുറത്താക്കിയത്. ഈ ഒമ്പത് പേരാണ് ഇന്ന് അഖിലേഷുമായി കൂടിക്കാഴ്ച നടത്തിയത്. ഇനി ഏഴ് അംഗങ്ങള്‍ മാത്രമാണ് ബിഎസ്‌പിയുടേതായി ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്.
എംഎല്‍എമാര്‍ കൂട്ടത്തോടെ എസ്‌പിയിലേക്ക് മാറുന്നത് ബിഎസ്‌പിയുടെ പതനത്തിലേക്ക് നയിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്ത്‌വരുന്നുണ്ട്. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിയെ നേരിടാന്‍ എസ്‌പി മുന്നില്‍ നില്‍ക്കുന്ന സാഹചര്യവും ഇതിലൂടെ ഒരുങ്ങും.