ഹൈദരാബാദ് : കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയത് കർണാടകയിലെ തന്നെ ഹിന്ദുക്കൾ ആണെന്ന് സസ്‌പെൻഷനിലുള്ള തെലങ്കാന എംഎൽഎ ടി രാജ സിങ്. കർണാടകയിലെ ഹിന്ദുക്കൾ തങ്ങളുടെ വോട്ട് പണത്തിന് വേണ്ടി കോൺഗ്രസിന് വിറ്റതാണ് തോൽവിക്ക് കാരണമായത്. ഹൈദരാബാദിൽ നിന്നുള്ള ഗോഷാമഹൽ എംഎൽഎ ടി രാജ സിങ് കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് വിവാദ പ്രസ്‌താവന നടത്തിയിട്ടുള്ളത്.
എന്നാൽ വോട്ട് മറിക്കുന്നത് താൻ നേരിൽ കണ്ടിട്ടില്ലെന്നും അതേസമയം മാധ്യമവാർത്തകളിലൂടെ ലഭിച്ച വിവരമാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. എന്തിനാണ് ഹിന്ദുക്കൾ വോട്ട് വിറ്റതെന്ന് അറിയില്ല. എന്നാൽ രാജ്യം കൊള്ളയടിച്ച പാർട്ടിയേയാണ് കർണാടക തെരഞ്ഞെടുത്തത്. നിരവധി ഹൈന്ദവ സംഘടന പ്രവർത്തകരെ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് പിഎഫ്‌ഐയെ ബിജെപി നിരോധിച്ചത്.
also read :'സിദ്ധരാമയ്യയുമായി ഭിന്നതയില്ല'; പാർട്ടിക്ക് വേണ്ടി പലതവണ ത്യാഗം സഹിച്ചുവെന്ന് ഡികെ ശിവകുമാർ
ഹിന്ദുക്കൾ വോട്ട് വിറ്റത് ദൗർഭാഗ്യകരം :പക്ഷെ കോൺഗ്രസ് അവരെ സ്വതന്ത്രരാക്കി. രാഷ്‌ട്രത്തെ നാശിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്നിൽ കോൺഗ്രസാണ്. എന്നിട്ടും കർണാടകയിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്‌തെന്നും രാജ സിങ് പറഞ്ഞു. ഭാരതം ഒരു ഹിന്ദു രാഷ്‌ട്രമായി മാറുന്നത് എന്‍റെ സ്വപ്‌നമാണ്. പക്ഷെ ഹിന്ദുക്കൾ അവരുടെ വോട്ട് വിറ്റത് ദൗർഭാഗ്യകരമാണ്. ഇത്തരത്തിൽ ഹിന്ദു രാഷ്‌ട്രം എങ്ങനെയാണ് യാഥാർഥ്യമാകുകയെന്നും രാജ ചോദിച്ചു.