ശ്രീനഗര്‍: പാകിസ്ഥാനി ഡ്രോൺ അന്താരാഷ്ട്ര അതിർത്തിയിൽ സഞ്ചരിക്കുന്നതായി സംശയം. ഇന്ത്യൻ നിയന്ത്രണ രേഖയ്ക്കകത്ത് ഡ്രോണില്‍ എന്തെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സുരക്ഷാ സേന വൻ തിരച്ചിൽ നടത്താൻ ഉത്തരവിട്ടു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ തെരച്ചിൽ ആരംഭിച്ചു. ആർമി, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്), പൊലീസ് എന്നിവരുടെ സംയുക്ത സംഘങ്ങൾ ഐബിയിൽ നിന്ന് 1,500 മീറ്റർ അകലെയുള്ള പഞ്ച് തല്ലിക്കും ലാലിയാലിനും ഇടയിലുള്ള പ്രദേശത്ത് തിരച്ചില്‍ നടത്തി. അതേസമയം, തെരച്ചിൽ നടത്തിയ സമയത്ത് സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.
രണ്ട് ദിവസം മുന്‍പ് ജമ്മു കശ്മീരിലെ സാംബ ജില്ലയുടെ അതിർത്തി പ്രദേശത്ത് പാകിസ്ഥാൻ ഡ്രോണുകളിലെത്തിച്ച ആയുധങ്ങൾ ബിഎസ്എഫ് കണ്ടെടുത്തിരുന്നു. എകെ 47 റൈഫിൾ, പിസ്റ്റൾ, വെടിമരുന്ന് എന്നിവയാണ് പ്രദേശത്ത് നിന്നും കണ്ടെടുത്തത്. കൂടാതെ ചില പ്രദേശവാസികള്‍ മഞ്ഞ വെളിച്ചം കണ്ടതായി സേനയെ അറിയിച്ചിരുന്നു.