ബുൽധാന:രാജ്യത്തെ നടുക്കിയ അപകട വാർത്തയാണ് മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ നിന്നും ഇന്ന് (ജൂലൈ 1 ശനിയാഴ്‌ച) പലർച്ചെ പുറത്തുവന്നത്. മഹാരാഷ്‌ട്രയിലെ ബുൽധാനയിലെ സമൃദ്ധി മഹാമാർഗ് എക്‌സ്‌പ്രസ് വേയിലാണ് കുട്ടികളുൾപ്പടെ 26 പേരുടെ മരണത്തിനിടയാക്കിയ അതിദാരുണമായ ബസ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ബസിന് തീപിടിച്ചായിരുന്നു അപകടം.
32 യാത്രക്കാരുമായി നാഗ്‌പൂരിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസിലെ 26 പേർ അപകടത്തിൽ വെന്തുമരിച്ചു. 25 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. ഇതിനിടെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആളുടെ പ്രതികരണം പുറത്തുവന്നു. തീപിടിച്ച വാഹനത്തിന്‍റെ പിൻഭാഗത്തെ ചില്ലുകൾ തകർത്താണ് താനും മറ്റുചിലരും പുറത്തെത്തിയതെന്നാണ് അദ്ദേഹം പറയുന്നത്.
ബുൽധാനയിലെ സിന്ദ്‌ഖേദ്‌രാജയ്ക്ക് സമീപം സമൃദ്ധി എക്‌സ്‌പ്രസ്‌വേയിൽ പുലർച്ചെ 1.30 ഓടെ നാഗ്‌പൂരിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന സ്വകാര്യ പാസഞ്ചർ റോഡിലെ ഡിവൈഡറിൽ ഇടിച്ച്, തീ പടർന്നാണ് അപകടം ഉണ്ടായത്. "ബസിന്‍റെ ഒരു ടയർ പൊട്ടി, ഉടൻ വാഹനത്തിന് തീപിടിച്ചു. അൽപ സമയത്തിനുള്ളിൽ തന്നെ ബസിൽ മുഴുവനായും തീ പടർന്നു'- അപകടത്തെ അത്ഭുതകരമായി അതിജീവിച്ചയാൾ പറഞ്ഞു. പിന്നിലെ ജനൽ തകർത്താണ് താനും തന്‍റെ അടുത്തിരുന്ന മറ്റൊരു യാത്രക്കാരനും രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടം നടന്ന ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തിയതായി രക്ഷപ്പെട്ടവർ പറഞ്ഞു. അതേസമയം നാലോ അഞ്ചോ യാത്രക്കാർ ബസിന്‍റെ ഒരു ചില്ലു തകർത്താണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസിയായ ഒരാളും പറഞ്ഞു. എന്നാൽ എല്ലാവർക്കും അതിന് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ജനൽ തകർത്ത് പുറത്തിറങ്ങിയ തങ്ങൾ ഹൈവേയിലൂടെ ആ സമയം കടന്ന് പോയ മറ്റ് യാത്രക്കാരോട് സഹായത്തിനായി അഭ്യർഥിച്ചെങ്കിലും പക്ഷേ ആരും മറ്റ് വാഹനങ്ങൾ നിർത്തിയില്ലെന്നും അപകടത്തെ അതിജീവിച്ചവർ ചൂണ്ടിക്കാട്ടി.
അതേസമയം അതി ഭയാനകമായിരുന്നു അപകടമെന്ന് പ്രദേശവാസിയായ ദൃക്‌സാക്ഷികളിൽ ഒരാൾ പറഞ്ഞു. "പിമ്പൽഖൂതയിൽ ഈ റൂട്ടിൽ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. അപകടത്തിന് പിന്നാലെ ഞങ്ങളെ സഹായത്തിനായി വിളിച്ചിരുന്നു. ഉടൻ തന്നെ ഞങ്ങൾ അവിടേക്ക് എത്തി. എന്നാൽ ഭയാനകമായ അവസ്ഥയാണ് അവിടെ ഞങ്ങൾ കണ്ടത്. ടയറുകൾ പൊട്ടി ബസിൽ നിന്നും വേർപെട്ട നിലയിൽ ആയിരുന്നു'- പ്രദേശവാസി പറഞ്ഞു.