ഗുജറാത്ത്: പച്ചപ്പിന്റെ കണികപോലുമില്ലാത്ത ഭൂമി, കത്തുന്ന വെയിലില്‍ വരണ്ടുണങ്ങിയ പാടങ്ങള്‍, വീശിയടിക്കുന്ന ചൂട് കാറ്റില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ദാഹമേറുകയാണ്. ശക്തമായ ചൂട് സഹിക്കാനാകാതെ നാടുവിടാനൊരുങ്ങുകയാണ് ഗുജറാത്തിലെ കച്ച്, മലക് ബണ്ണി, ചെവാഡ ഗ്രാമവാസികള്‍. കന്നുകാലി വളര്‍ത്തല്‍ തൊഴിലാക്കിയ ഗ്രാമത്തിലെ മനുഷ്യര്‍ക്കൊപ്പം മിണ്ടാപ്രാണികളും ദാഹിച്ച് വലയുകയാണ്.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങക്ക് ദാഹമേറുന്നു; കുടിവെള്ളം മുട്ടിയതോടെ പലായനത്തിനൊരുങ്ങി ഗുജറാത്തിലെ ഗ്രാമങ്ങള്‍ കാലി വളർത്തല്‍ ജീവനോപാധിയാക്കിയ മൽധാരി വിഭാഗമാണ് ഗ്രാമങ്ങളില്‍ കൂടുതലുള്ളത്. ആയിരക്കണക്കിന് പശുക്കളെയാണ് ഓരോ കുടുംബവും വളര്‍ത്തുന്നത്. കടുത്ത ചൂടില്‍ തങ്ങളുടെ കന്നുകാലികള്‍ക്ക് നല്‍കാന്‍ പുല്ലോ വെള്ളമോ കണ്ടെത്താന്‍ ഗ്രാമവാസികള്‍ക്ക് കഴിയുന്നില്ല. പാടങ്ങള്‍ പലതും വരണ്ടുണങ്ങി. പച്ചപ്പുല്ലിന്‍റെ ലഭ്യതകുറവ് പാലിന്‍റേയും പാലുത്പന്നങ്ങളുടെയും നിര്‍മാണത്തെ സാരമായി ബാധിച്ചു. കുടിവെള്ളം മുട്ടിയതോടെ പശുക്കളുടെ അതിജീവനം പോലും ഗ്രാമവാസികളെ ആശങ്കയിലാക്കുകയാണ്.
വെള്ളവും കാലിത്തീറ്റയും കിട്ടുന്ന സമീപ പ്രദേശങ്ങളിലേക്ക് ഇതിനകം നൂറിലധികം കുടുംബങ്ങൾ പലായനം ചെയ്തിട്ടുണ്ട്. ദിവസം കഴിയും തോറും കാലിത്തീറ്റയും വെള്ളത്തിന്‍റെ ലഭ്യതയും കുറയുകയാണ്. ഇങ്ങനെ വന്നാല്‍ അവശേഷിക്കുന്നവർ കൂടി ഗ്രാമം വിടേണ്ടി വരും.
നിലവില്‍ കിലോമീറ്ററുകള്‍ക്കള്‍ താണ്ടി മറ്റൊരു പ്രദേശത്തെ താത്കാലികമായി കുത്തിയ കുഴിയില്‍ നിന്നാണ് ഇത്തിരിയെങ്കിലും വെള്ളം കിട്ടുന്നത്. എല്ലാവര്‍ക്കും ഒരുമിച്ച് എടുക്കാന്‍ മാത്രം വെള്ളം താത്കാലിക കിണറുകളില്‍ ഉണ്ടാകില്ല. മണിക്കൂറുകള്‍ കാത്തിരുന്നാലാണ് ഇത്തിരിയെങ്കിലും വെള്ളം ലഭിക്കുക. പ്രാഥമിക ആവശ്യങ്ങള്‍ക്കോ കാലികള്‍ക്ക് കൊടുക്കാനോ ഉള്ള വെള്ളം പലപ്പോഴും കിട്ടാറില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു.
അതേസമയം ഗ്രാമങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ ടാങ്കറുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെങ്കിലും ഇവ കുടിക്കാന്‍ പോലും തികയുന്നില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. മെയ് അവസാനം വരെ തല്‍സ്ഥിതി തുടരാനാണ് സാധ്യത. അത്രയും നാള്‍ തങ്ങളുടെ പശുക്കളേയും സംരക്ഷിച്ച് പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഗ്രമവാസികള്‍ പറയുന്നു. 250 ഓളം വീടുകളും ആയിരക്കണക്കിന് കന്നുകാലികളുമുള്ള ശാരദാ വില്ലേജിൽ പശുക്കള്‍ വെള്ളവും ഭക്ഷണവുമില്ലാതെ ദുരുതത്തിന്‍റെ കൊടുമുടിയിലാണ്.
രാജ്യത്ത് വരും ദിനങ്ങളില്‍ ചൂട് കൂടുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പല സ്ഥലങ്ങളിലും ചൂട് കാറ്റിന് സാധ്യതയുണ്ട്. രാജസ്ഥാൻ, ഗുജറാത്ത്, തെലങ്കാന, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പല ഭാഗങ്ങളും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നു.
Also Read: കുടിവെള്ളമില്ലാതെ കുട്ടമ്പുഴയിലെ ആദിവാസി ഊരുകൾ