നടിപ്പിന്‍ നായകന്‍ സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. സുരത്തൈ ശിവ സംവിധാനം ചെയ്യുന്ന സൂര്യയുടെ 42ാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്‍റ് ടീസര്‍, നിര്‍മാതാക്കള്‍ പുറത്തുവിട്ടു. സൂര്യ 42 എന്ന് താത്‌കാലികമായി പേരിട്ടിരുന്ന സിനിമയ്‌ക്ക് 'കങ്കുവ' എന്നാണ് ഇപ്പോള്‍ പേരിട്ടിരിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഫാന്‍റസി ആക്ഷൻ ഡ്രാമയായി 2024ന്‍റെ തുടക്കത്തില്‍ റിലീസ് ചെയ്യാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്. യുവി ക്രിയേഷൻസാണ് 'കങ്കുവ'യുടെ ടൈറ്റിൽ ടീസർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ടൈറ്റില്‍ ടീസറിനൊപ്പം ഒരു കുറിപ്പും നിര്‍മാതാക്കള്‍ പങ്കുവച്ചിട്ടുണ്ട്.
'അഗ്നിശക്തിയുള്ള മനുഷ്യന്‍. ശക്തനായ വീരന്‍റെ കഥ. കങ്കുവ എന്നാണ് സൂര്യ 42ന് പേരിട്ടിരിക്കുന്നത്. 2024 തുടക്കത്തില്‍ 10 ഭാഷകളില്‍ റിലീസ് ചെയ്യും.' - യുവി ക്രിയേഷന്‍സ് കുറിച്ചു. ഒപ്പം കങ്കുവ ടൈറ്റില്‍ പോസ്‌റ്ററും ടൈറ്റില്‍ ടീസറും നിര്‍മാതാക്കള്‍ പങ്കുവച്ചു.
Also Read: 'സ്‌നേഹവും ബഹുമാനവും'; ക്രിക്കറ്റ് ഇതിഹാസവും നടിപ്പിന്‍ നായകനും കണ്ടുമുട്ടിയപ്പോള്‍...
സൂര്യയും തന്‍റെ സിനിമയുടെ ടൈറ്റില്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 'ഈ ശക്തമായ ഇതിഹാസത്തില്‍ ശിവയ്‌ക്കും ടീമിനും ഒപ്പം പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷം. 'കങ്കുവ'യുടെ ടൈറ്റിൽ ലുക്ക് പങ്കിടുന്നതിൽ സന്തോഷമുണ്ട്.' - സൂര്യ കുറിച്ചു.
യുവി ക്രിയേഷൻസും സ്‌റ്റുഡിയോ ഗ്രീനും സംയുക്തമായി ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ചിത്രത്തില്‍ ദിഷ പഠാനിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 'കങ്കുവ'യിൽ ഇരട്ട വേഷത്തിലാണ് സൂര്യ എത്തുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത അവതാരത്തിലാകും ദിഷ പഠാനി എത്തുക.