മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (NCP) വര്‍ക്കിങ് പ്രസിഡന്‍റായി സുപ്രിയ സുലെ ചുമലതയേറ്റതില്‍ അജിത് പവാറിന് അതൃപ്‌തിയുണ്ടെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളി സുപ്രിയ സുലെ രംഗത്ത്. ഗോസിപ്പുകള്‍ എന്നാണ് സുലെ വാര്‍ത്തകളെ വിശേഷിപ്പിച്ചത്. വാര്‍ത്തകള്‍ തള്ളി നേരത്തെ അജിത് പവാറും രംഗത്തു വന്നിരുന്നു.
'അജിത് പവാർ സന്തുഷ്‌ടനല്ല എന്ന് ആരാണ് പറഞ്ഞത്. ആരെങ്കിലും അജിത്തിനോട് ചോദിച്ചിരുന്നോ? റിപ്പോർട്ടുകൾ ഗോസിപ്പാണ്' -സുപ്രിയ സുലെ പറഞ്ഞു.
എൻസിപി സ്ഥാപക ദിനമായ ജൂൺ 10ന് പാർട്ടി സ്ഥാപക നേതാവ് ശരദ് പവാർ സുപ്രിയ സുലെയേയും മുതിർന്ന നേതാവ് പ്രഫുൽ പട്ടേലിനെയും പാർട്ടിയുടെ വർക്കിങ് പ്രസിഡന്‍റുമാരായി നിയമിച്ചു. പ്രസിഡന്‍റ് സ്ഥാനത്തിന് പുറമെ, അജിത് പവാർ കൈകാര്യം ചെയ്‌തിരുന്ന മഹാരാഷ്‌ട്രയുടെ ചുമതലയും സുലെയ്ക്ക് നൽകി. പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്‍റ് ആയതിന് ശേഷം ഇന്നലെ (ജൂണ്‍ 11) സുലെ പൂനെയിലെത്തിയിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരെ കാണുകയും പ്രവര്‍ത്തകര്‍ നല്‍കിയ അനുമോദങ്ങള്‍ സ്വീകരിക്കുകയും ചെയ്‌ത സുലെ ഗാന്ധിഭവനിലെ മഹാത്‌മാഗാന്ധി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തുകയും ചെയ്‌തു. എന്‍സിപി വര്‍ക്കിങ് പ്രസിഡന്‍റായി സ്ഥാനമേറ്റതിന് ശേഷമുള്ള സുപ്രിയ സുലെയുടെ ആദ്യ പൂനെ സന്ദര്‍ശനമായിരുന്നു ഇത്.
അതേസമയം, ശനിയാഴ്‌ച (ജൂണ്‍ 10) സുപ്രിയ സുലെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് ആയതില്‍ തനിക്ക് അതൃപ്‌തി ഉണ്ടെന്ന തരത്തില്‍ പ്രത്യക്ഷപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ അജിത് പവാര്‍ തള്ളിയിരുന്നു. പാര്‍ട്ടിയുടെ തീരുമാനത്തില്‍ താന്‍ സന്തോഷിക്കുന്നു എന്നാണ് അജിത് പ്രതികരിച്ചത്.
'പാർട്ടി എനിക്ക് ഒരു ഉത്തരവാദിത്തവും നൽകാത്തതിൽ അതൃപ്‌തിയുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തെറ്റാണ്. ശരദ് പവാർ രാജിവച്ച സമയത്താണ് ഞങ്ങളുടെ കമ്മിറ്റി രൂപീകരിച്ചത്. രണ്ട് തീരുമാനങ്ങൾ ആണ് ആ സമയത്ത് എടുത്തത്. ആദ്യത്തേത് ശരദ് പവാറിനോട് രാജി പിന്‍വലിക്കാന്‍ അഭ്യർഥിക്കുക എന്നതായിരുന്നു. രണ്ടാമത്തേത് സുപ്രിയ സുലെയെ വർക്കിങ് പ്രസിഡന്‍റായി നിയമിക്കുക എന്നതും. കമ്മിറ്റി രൂപീകരിച്ചപ്പോൾ തന്നെ മുന്നോട്ട് വച്ച നിർദേശമായിരുന്നു ഇത്. എന്നാൽ രാജി പിൻവലിക്കാൻ ശരദ് പവാറിനെ പ്രേരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബാക്കിയുള്ള കമ്മിറ്റി അംഗങ്ങൾ പറഞ്ഞത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതിനാലും ഭൂരിപക്ഷത്തെ ബഹുമാനിക്കുന്നതിനാലും രാജി വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു' -അജിത് പവാര്‍ പറഞ്ഞു.
1999ല്‍ പിഎ സാങ്‌മയ്‌ക്കൊപ്പം ചേര്‍ന്ന് രൂപീകരിച്ച പാര്‍ട്ടിയുടെ സ്ഥാപക ദിനത്തിന്‍റെ 25-ാം വാര്‍ഷികത്തിലാണ് ശരദ് പവാര്‍ പുതിയ നേതൃത്വത്തെ അവതരിപ്പിച്ചത്. അതിനിടെ ഇക്കഴിഞ്ഞ മെയില്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കുന്നതായി പവാര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി കമ്മിറ്റി പവാറിന്‍റെ രാജി നിരസിച്ചു കൊണ്ട് പ്രമേയം പാസാക്കുകയായിരുന്നു. പിന്നാലെ അദ്ദേഹം തന്‍റെ തീരുമാനം പിന്‍വലിക്കുകയും അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്‌തു.
Also Read:രാജി പിന്‍വലിച്ചു ; എന്‍സിപി അധ്യക്ഷനായി ശരദ് പവാര്‍ തുടരും