കേരളം

kerala

ETV Bharat / bharat

കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് നയത്തില്‍ സുപ്രീം കോടതിയുടെ 'സുപ്രീം' ഇടപെടൽ - Oxygen

വൈറസ് ഇനിയും കൂടുതല്‍ അപകടകരമായ ജനിതക മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് പ്രസ്താവിക്കുന്ന ഈ പഠന റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ കൊവിഡിന്‍റെ ഒരു മൂന്നാം തരംഗവും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഈ വസ്തുതകള്‍ നേരിട്ട് പരാമര്‍ശിച്ചു കൊണ്ട്, ഓക്‌സിജന്‍ വിതരണം ഉറപ്പ് വരുത്തുന്നതിനു വേണ്ടി ശാസ്ത്രീയവും യുക്തിസഹവുമായ നയം രൂപീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം 12 അംഗ ടാസ്‌ക് ഫോഴ്‌സിനെ ഏല്‍പ്പിച്ചിരിക്കുകയാണ് സുപ്രീം കോടതി

'Supreme' initiative on Covid policy  Covid india  Covid-19  Central Government  Supreme Court  covid second wave  കൊവിഡ്  സുപ്രീം കോടതി  കൊവിഡ് നയം  നീതി ആയോഗ്  ടാസ്‌ക് ഫോഴ്‌സ്  Oxygen  ഓക്സിജൻ
കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് നയത്തില്‍ സുപ്രീം കോടതിയുടെ 'സുപ്രീം' ഇടപെടൽ

By

Published : May 12, 2021, 3:53 PM IST

ന്യൂഡൽഹി: സംസ്ഥാനങ്ങളെ ബാഹ്യ ശക്തികളില്‍ നിന്നുള്ള കടന്നു കയറ്റങ്ങളില്‍ നിന്നും ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടതും, ഓരോ സംസ്ഥാനങ്ങളിലേയും സര്‍ക്കാരുകള്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ മുന്നോട്ട് പോകുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതും കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് ഇന്ത്യന്‍ ഭരണഘടനയിലെ 355ആം വകുപ്പ് അനുശാസിക്കുന്നു.

എന്നാല്‍ കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്‍റെ കുതിപ്പില്‍ ആകെ താറുമാറായി, പ്രശ്‌നങ്ങളില്‍പ്പെട്ടു കിടക്കുന്ന സംസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി എന്താണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തു വരുന്നത്? ഉയര്‍ന്ന തോതില്‍ കൊവിഡ് കേസുകളും അതുമായി ബന്ധപ്പെട്ട മരണങ്ങളും രേഖപ്പെടുത്തി കൊണ്ടിരിക്കുന്ന ഈ സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നുണ്ടോ ? രാജ്യത്ത് 741 ജില്ലകളിലെ 301 ഇടങ്ങളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനം കടന്നിരിക്കുന്നു എന്നാണ് സ്ഥിതി വിവര കണക്കുകള്‍ കാട്ടി തരുന്നത്.

ടാസ്‌ക് ഫോഴ്സ് നിർവീര്യം !

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് പ്രകാരം അസം, പശ്ചിമ ബംഗാള്‍, ഒഡീഷ, ബിഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മഹാമാരി വലിയ തോതിൽ പടർന്ന് പിടിച്ചു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു. കര്‍ണാടകയിലെ ആശുപത്രികളിൽ ഒരു കിടക്കക്കുവേണ്ടി ചുരുങ്ങിയത് 30 രോഗികളെങ്കിലും കാത്തു നില്‍ക്കുകയാണ് എന്നുള്ള വസ്തുതയില്‍ നിന്നും ഇപ്പോഴത്തെ ഗുരുതരമായ സ്ഥിതി വിശേഷത്തിന്‍റെ ആഴം അളന്നെടുക്കാന്‍ കഴിയും. നീതി ആയോഗ് അംഗം വി കെ പോള്‍ നയിക്കുന്ന കമ്മിറ്റി മുന്നോട്ട് വെച്ച മാതൃകയുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജന്‍ അനുവദിക്കുന്നത് എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ അവകാശവാദത്തെ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം തള്ളി കളഞ്ഞിരിക്കുകയാണ് സുപ്രീംകോടതി. ഇക്കാര്യവുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ ഒരു 12 അംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കുവാന്‍ സുപ്രീം കോടതി മുന്‍ കൈയ്യെടുത്തിരിക്കുകയാണ്.

കഴിഞ്ഞ മാര്‍ച്ചിൽ കേന്ദ്ര സര്‍ക്കാര്‍ 21 അംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചിരുന്നുവെങ്കിലും ആ പാനല്‍ ഇന്ന് വെറുമൊരു അലങ്കാര വസ്തുവായി മാറി കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് പ്രതിദിനം 500 കൊവിഡ് കേസുകള്‍ മാത്രമുണ്ടായിരുന്ന കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ദേശീയ തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് പ്രതിദിനം കൊവിഡ് കേസുകള്‍ 4 ലക്ഷത്തിനു മുകളിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ ഒരു മൂകസാക്ഷിയെ പോലെ നിലകൊള്ളുകയാണെന്നുള്ള വസ്തുതയില്‍ നിന്നും ഈ ടാസ്‌ക് ഫോഴ്‌സ് എത്രത്തോളം നിര്‍വീര്യമായിരുന്നു എന്ന കാര്യം നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ.

ഒരു ഗണിത ശാസ്ത്ര മാതൃകയുടെ അടിസ്ഥാനത്തില്‍ വൈറസിന്‍റെ തീവ്രത വിലയിരുത്തുന്നതിനായി കഴിഞ്ഞ മേയ് മാസത്തില്‍ ഒരു സൂപ്പര്‍ മോഡല്‍ കമ്മിറ്റിക്കും സർക്കാർ രൂപം നല്‍കിയിരുന്നു. എന്നാല്‍ മഹാമാരിയുടെ രണ്ടാം തരംഗം എപ്പോള്‍ വേണമെങ്കിലും ആഞ്ഞടിക്കാമെന്നുള്ള ഈ കമ്മിറ്റികളുടെ മുന്നറിയിപ്പുകളെ കേന്ദ്രം അവഗണിക്കുകയായിരുന്നു. മനുഷ്യ നിര്‍മ്മിതമായ ഒരു ദുരന്തം രാജ്യത്തെ ഇങ്ങനെ ഗ്രസിച്ചു കൊണ്ടിരിക്കവെ സുപ്രീം കോടതിക്ക് മാത്രമാണ് ഒരു നേരായ ദിശ കാട്ടി തരുവാന്‍ ഇപ്പോള്‍ കഴിയുക.

രണ്ടാം തരംഗം നിയന്ത്രണാതീതമായത് കേന്ദ്ര സർക്കാരിന്‍റെ അശ്രദ്ധമൂലം

കൊറോണക്കെതിരെയുള്ള പോരാട്ടം ഇന്ത്യ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയിരിക്കുന്നു എന്നും സ്വന്തം ജനങ്ങളുടെ ജീവന്‍ വിജയകരമായി രക്ഷിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നിലകൊള്ളുന്നു എന്നും കഴിഞ്ഞ ജനുവരി മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം പ്രഖ്യാപിക്കുകയുണ്ടായി.

കൊറോണ വൈറസിന്‍റെ ജനിതക മാറ്റങ്ങളെ കുറിച്ച് പഠിക്കുന്നതിനായി രാജ്യത്തെ 10 പ്രമുഖ സ്ഥാപനങ്ങളെ ഒരുമിച്ച് ചേര്‍ത്തു കൊണ്ടുള്ള ഒരു “ജനറ്റിക് കണ്‍സോര്‍ഷിയ'' ത്തിന് കഴിഞ്ഞ ഡിസംബറില്‍ രൂപം നല്‍കിയിരുന്നു. വൈറസ് അധികം താമസിയാതെ വീണ്ടും തലപൊക്കാന്‍ തുടങ്ങുമെന്ന റിപ്പോര്‍ട്ട് ഈ കണ്‍സോര്‍ഷിയം നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനു (എംസിഡിസി) മുന്നില്‍ സമര്‍പ്പിക്കുകയുണ്ടായി.

കൊവിഡ് രാജ്യത്ത് നിന്നും പിന്‍ വാങ്ങികഴിഞ്ഞു എന്ന് മാര്‍ച്ച് ആദ്യ വാരത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച് വെറും രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത് എന്നുള്ളതാണ് വലിയ വിരോധാഭാസം. ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രധാനമന്ത്രിയോട് ആരും പറഞ്ഞില്ല എന്നുള്ള കാര്യം വിശ്വസിക്കുവാന്‍ കഴിയില്ലെന്ന് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍റ് മോളിക്യുലാര്‍ ബയോളജിയുടെ മുന്‍ ഡയറക്‌ടറായ രാജേഷ് മിശ്ര പറഞ്ഞിരുന്നു. ആവശ്യത്തിന് കരുതല്‍ നടപടികള്‍ എടുക്കുന്നതിലുണ്ടായ പരാജയം മൂലമാണ് നിലവിലുള്ള സ്ഥിതി ഗതികള്‍ സംജാതമായിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് മൂന്നാം തരംഗം പടിവാതിൽക്കൽ

വൈറസ് ഇനിയും കൂടുതല്‍ അപകടകരമായ ജനിതക മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് പ്രസ്താവിക്കുന്ന ഈ പഠന റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ കൊവിഡിന്‍റെ ഒരു മൂന്നാം തരംഗവും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഈ വസ്തുതകള്‍ നേരിട്ട് പരാമര്‍ശിച്ചു കൊണ്ട്, ഓക്‌സിജന്‍ വിതരണം ഉറപ്പ് വരുത്തുന്നതിനു വേണ്ടി ശാസ്ത്രീയവും യുക്തിസഹവുമായ നയം രൂപീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഈ ടാസ്‌ക് ഫോഴ്‌സിനെ ഏല്‍പ്പിച്ചിരിക്കുകയാണ് സുപ്രീം കോടതി. അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ മരുന്നുകളുടെ ലഭ്യതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും ഈ ടാസ്‌ക് ഫോഴ്‌സിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ ടാസ്‌ക് ഫോഴ്‌സില്‍ പകര്‍ച്ചവ്യാധികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരേയും വൈറോളജിസ്റ്റുകളേയും കൂടി ഉള്‍പ്പെടുത്തുവാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു.

ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരവും വിവിധ വകുപ്പുകളുടേയും ഉപവകുപ്പുകളുടേയും ഏകോപനത്തിലൂടേയും മഹാമാരിക്കെതിരെയുള്ള പോരാട്ടത്തെ ഒരു “മഹാ യജ്ഞം” പോലെ മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ഈ ഉത്തരവാദിത്വത്തില്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല ഇപ്പോള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വേണ്ടി നമ്മുടെ നീതിന്യായ വ്യവസ്ഥയെ ആശ്രയിക്കേണ്ട അവസ്ഥയിൽ വരെ എത്തി നിൽക്കുകയാണ്.

ABOUT THE AUTHOR

...view details