കേരളം

kerala

ETV Bharat / bharat

സുപ്രീംകോടതിയുടെ നിർണായക വിധി, ജമ്മു കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യഘടകം...ഇരുപക്ഷവും കോടതിയെ ബോധ്യപ്പെടുത്തിയ കാര്യങ്ങൾ ഇങ്ങനെ... - കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീർ പ്രത്യേക പദവി

supreme court verdict article 370 in Malayalam ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് സംബന്ധിച്ച ഹർജികളില്‍ സുപ്രധാനവിധിയുമായി ഇന്ത്യയുടെ പരമേന്നത കോടതി. ജമ്മുകശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി നല്‍കണം. 2024 സെപ്‌റ്റംബറില്‍ തെരഞ്ഞെടുപ്പ് നടത്തണം. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തില്‍ ഭേദഗതി ചെയ്ത് ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു.

supreme court verdict article 370 of constitution bifurcation jammu and kashmir
supreme court verdict article 370 of constitution bifurcation jammu and kashmir

By ETV Bharat Kerala Team

Published : Dec 11, 2023, 1:11 PM IST

Updated : Dec 11, 2023, 6:53 PM IST

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ സുപ്രധാനവിധി. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്ത് ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചുകൊണ്ടുള്ള ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിന്റെ സാധുത സംബന്ധിച്ചും സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറഞ്ഞത് 16 ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവരാണുണ്ടായിരുന്നത്. കശ്‌മീരി പണ്ഡിറ്റുകൾ പലായനം ചെയ്‌തത് അടക്കം വിധിയില്‍ പരാമർശിച്ച് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍. വിഭജന കാലത്ത് പോലും കശ്‌മീരില്‍ വർഗീയ ചിന്തയുണ്ടായിരുന്നില്ല. 1980ന് ശേഷമുള്ള മനുഷ്യാവകാശലംഘനങ്ങൾ അന്വേഷിക്കണമെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു.

2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങി വിവിധ പാര്‍ട്ടികളും, വ്യക്തികളും, സംഘടനകളും നല്‍കിയ 23 ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ വിധി പറഞ്ഞത്. പത്തര ദിവസമാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വാദം നടത്തിയത്. സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രമണ്യം, രാജീവ് ധവാന്‍, സഫര്‍ മുഹമ്മദ് ഷാ, ദുഷ്യന്ത് ദാവെ തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ അഞ്ചര ദിവസം വാദം നടത്തി. കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരാണ് ഹാജരായത്. ഇതിന് പുറമെ സീനിയർ അഭിഭാഷ്‌കരായ ഹരീഷ് സാൽവെ, രാകേഷ് ദ്വിവേദി, വി ഗിരി, മഹേഷ് ജെഠ്മലാനി, ഗുരു കൃഷ്ണ കുമാർ എന്നിവർ കേന്ദ്രസർക്കാർ നടപടിയെ അംഗീകരീച്ച് ഹർജിയില്‍ കക്ഷി ചേർന്നവർക്ക് വേണ്ടി ഹാജരായി.

ഹര്‍ജിക്കാരുടെ വാദങ്ങൾ ഇങ്ങനെ: ജമ്മുകശ്മീര്‍ ഭരണഘടന നിര്‍മാണ സഭയ്ക്കുമാത്രമാണ് 370-ാം അനുച്ഛേദം റദ്ദാക്കാന്‍ അധികാരം ഉണ്ടായിരുന്നത് എന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. 1951 മുതല്‍ 1957 വരെ നിലനിന്നിരുന്ന

370-ാം അനുച്ഛേദം റദ്ദാക്കാന്‍ തീരുമാനിച്ചിട്ടില്ല. കശ്മീരിലെ ഭരണഘടന നിര്‍മാണസഭ 1957-ല്‍ ഇല്ലാതായതോടെ 370-ാം വകുപ്പിന് സ്ഥിരംസ്വഭാവം കൈവന്നുവെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.

ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലൂടെ ഇന്ത്യയും, ജമ്മു കശ്മീരിലെ ജനങ്ങളും തമ്മില്‍ പ്രത്യേക ബന്ധം ഉണ്ടായിരുന്നു എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകർ വാദിച്ചു. ഈ ബന്ധം ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ എടുത്ത് കളയാന്‍ സാധിക്കില്ല. സംസ്ഥാനത്തിന്റെ അനുമതി ഇല്ലാതെ സംസ്ഥാനത്തിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി ഭരണഘടന വിരുദ്ധവും, ഏകപക്ഷീയവും, മുമ്പ് ഉണ്ടാകാത്തതും ആണെന്ന് ആയിരുന്നു ഹര്‍ജിക്കാരുടെ മറ്റൊരു വാദം.

ജമ്മു കശ്മീര്‍ ഇന്ത്യയില്‍ ലയിച്ചിട്ടില്ല. മഹാരാജ ഹരി സിംഗും ഇന്ത്യയും തമ്മില്‍ ഒപ്പ് വച്ച Instrument of Accession (IoA) കരാർ പ്രകാരം കശ്മീരിന്റെ പരമാധികാരം പൂര്‍ണ്ണമായും ഇന്ത്യക്ക് കൈമാറിയിട്ടില്ല എന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. 1947 ഒക്ടോബറില്‍ മഹാരാജ ഹരി സിങ്ങും ഇന്ത്യയും തമ്മില്‍ ഒപ്പ് വച്ച ഉടമ്പടി പ്രകാരം പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയിലുള്ള പരമാധികാരം മാത്രമാണ് ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം നടത്തുന്നതിന് പാര്‍ലമെന്റിന് ഉള്ള പരിമിതി ഭരണഘടനയുടെ 370-ാം അനുച്ഛേദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഭരണഘടന വിരുദ്ധം ആണെന്ന വാദവും കോടതിയില്‍ ഉയര്‍ത്തി. 2019 ഓഗസ്റ്റ് 5, 6 തീയതികളില്‍ രാഷ്ട്രപതി ഭരണം നില നിന്നിരുന്ന സമയത്താണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ ഇല്ലാതെ നിയമസഭ പിരിച്ച് വിടാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

കേന്ദ്ര സർക്കാർ വാദങ്ങൾ ഇങ്ങനെ:രാജ്യത്തിന്റെ അഖണ്ഡത കാത്ത് സംരക്ഷിക്കുന്നതിനും, ഭരണഘടന എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാക്കുന്നതിനും ആവശ്യമായ നടപടിയാണ് സ്വീകരിച്ചത് എന്നാണ് കേന്ദ്രത്തിന്റെ പ്രധാന വാദം.രാജ്യ താത്പര്യം മുൻനിർത്തിയെടുത്ത തീരുമാനമാണിത്. 2019 -ൽ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണമാണ് പ്രത്യേക പദവി എടുത്തുകളയാൻ പ്രേരിപ്പിച്ച മുഖ്യഘടകങ്ങളിൽ ഒന്ന് എന്നും കേന്ദ്രം കോടതിയിൽ വാദിച്ചു.

1947 - 50 കാലഘട്ടത്തിൽ ഉണ്ടായിരുന്ന ബാഹ്യശക്തികളുടെ ഇടപെടലുകൾ മറികടക്കുന്നതിനായാണ് ഭരണഘടന ശിൽപ്പികൾ 370-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമാക്കിയതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. 1957- ൽ ജമ്മു കശ്മീർ ഭരണഘടന നിർമ്മാണ സഭ പിരിച്ചുവിട്ടപ്പോൾ തന്നെ 370-ാം വകുപ്പ് റദ്ദാക്കപ്പെടേണ്ടതായിരുന്നു. 2019 ൽ നടപടി ക്രമങ്ങൾ പാലിച്ചാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. ഭരണഘടന നിർമ്മാണ സഭയുടെ സ്ഥാനം പാർലമെന്റിന് ഏറ്റെടുക്കാൻ ആകും. ഭരണഘടനയുടെ 370 (3) ൽ ഭരണഘടന നിർമ്മാണ സഭ എന്നത് നിയമ നിർമ്മാണ സഭയെന്ന് വായിക്കാം എന്നും കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടി.

രാഷ്ട്രപതി ഭരണം നിലനിന്ന സമയത്ത് ജമ്മു കശ്മീർ നിയമസഭയുടെ അധികാരം പാർലെമന്റിനായിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനവും ആയി ബന്ധപ്പെട്ട നിയമനിർമ്മാണം കൊണ്ടുവരാൻ പാർലമെന്റിന് അധികാരമുണ്ടെന്നും കേന്ദ്രം കോടതിയിൽ വാദിച്ചg. പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ കുറഞ്ഞതായും, വികസനം എത്തിയതായും കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടി.

Last Updated : Dec 11, 2023, 6:53 PM IST

ABOUT THE AUTHOR

...view details