ന്യൂഡൽഹി:ഡോളോ 650 ഗുളികയുടെ നിർമാതാക്കൾ 1000 കോടി രൂപയുടെ അനധികൃത സൗജന്യങ്ങൾ ഡോക്‌ടർമാർക്ക് വിതരണം ചെയ്‌തതായി സുപ്രീംകോടതിയെ അറിയിച്ച് മെഡിക്കൽ സംഘടന. രോഗികൾക്ക് മരുന്ന് നിർദേശിക്കുന്നതിനായി ഡോക്‌ടർമാർക്ക് അനധികൃതമായി സൗജന്യങ്ങൾ നൽകുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കെതിരെ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്‍റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജിയിലാണ് വാദമുന്നയിച്ചത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഡോളോ 650 നിർമാതാക്കൾ ഡോക്‌ടർമാർക്ക് 1000 കോടി രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്‌തു: സുപ്രീംകോടതിയെ അറിയിച്ച് മെഡിക്കൽ സംഘടന
കൊവിഡ്-19 മഹാമാരി സമയത്ത് ഡോളോ 650 നിർദേശിക്കുന്നതിനായി ഡോക്‌ടർമാർ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നും 1000 കോടി രൂപയുടെ സൗജന്യങ്ങൾ കൈക്കൂലിയായി സ്വീകരിച്ചിരുന്നതായി സുപ്രീംകോടതിയിൽ വാദം ഉന്നയിച്ച് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്‍റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ 10 ദിവസത്തിനകം മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദേശം.
എനിക്ക് കൊവിഡ് വന്നപ്പോൾ എനിക്കും ഡോക്‌ടർമാർ ഡോളോ നിർദേശിച്ചിരുന്നു, ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ആരോഗ്യത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണെന്നും പൗരന്‍റെ മൗലികാവകാശമാണെന്നും അത് ഉറപ്പാക്കാൻ കമ്പനികൾ ധാർമ്മിക വിപണന രീതികൾ പാലിക്കേണ്ടത് പ്രധാനമാണെന്നും ഹർജിയിൽ വാദിച്ചു. ഇത്തരം സമ്പ്രദായങ്ങൾ നിയന്ത്രിക്കാൻ നിലവിൽ നിയമമില്ലെന്നും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ഇത്തരം സ്‌നേഹ സമ്മാനങ്ങൾക്ക് പകരമായി നിർദേശിക്കുന്ന മരുന്നുകൾ ആളുകളുടെ ജീവന് അപകടകരമാകുമെന്നും ഹർജിയിൽ പറയുന്നു.
വിഷയത്തിൽ കേന്ദ്രസർക്കാർ 10 ദിവസത്തിനകം മറുപടി നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.