ന്യൂഡൽഹി: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌ത് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നേരത്തെ എസ്എ ബോബ്‌ഡെ ചീഫ് ജസ്‌റ്റിസ് ആയിരുന്ന കാലയളവിലും സരിതയുടെ ഹര്‍ജി തള്ളിയിരുന്നു.
വയനാട്ടിലെ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കെതിരായ സരിത എസ് നായരുടെ ഹർജി സുപ്രീംകോടതി തള്ളി - supreme court
വയനാട്ടിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌ത് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സമർപ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
സരിതയുടെ അഭിഭാഷകന്‍ നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി നടപടികളില്‍ പങ്കെടുക്കാന്‍ തന്‍റെ അഭിഭാഷകന് സാങ്കേതിക തടസം നേരിട്ടിരുന്നുവെന്ന് ചൂണ്ടികാട്ടി ഹര്‍ജി പുനഃസ്ഥാപിക്കാന്‍ സരിത എസ് നായര്‍ വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. ഈ ആവശ്യം അംഗീകരിച്ച കോടതി സരിതയുടെ ഹര്‍ജി മെറിറ്റില്‍ പരിഗണിച്ച ശേഷമാണ് തള്ളിയത്.
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹര്‍ജിയില്‍ സരിത ആവശ്യപെട്ടത്. സരിതയുടെ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. 2019ൽ വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സരിത നൽകിയ നാമനിർദ്ദേശ പത്രിക വരണാധികാരികള്‍ തള്ളിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍, പത്തനംതിട്ട കോടതികള്‍ സരിതയ്ക്ക് ശിക്ഷ വിധിച്ചിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നാമനിര്‍ദ്ദേശ പത്രിക തള്ളിയത്.