ന്യൂഡല്‍ഹി :മുസ്‌ലിം മതവിഭാഗത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നീ വിഷയങ്ങളുടെ ഭരണഘടന സാധുത പരിഗണിക്കുന്നതിന് പുതിയ ഭരണഘടന ബഞ്ച് രൂപീകരിക്കുമെന്നറിയിച്ച് സുപ്രീം കോടതി. ബഹുഭാര്യാത്വം, നിക്കാഹ് ഹലാല (ആദ്യ ഭര്‍ത്താവിനെ വീണ്ടും വിവാഹം ചെയ്യുന്നതിനാവശ്യമായ നടപടികള്‍) എന്നീ വിഷയങ്ങളില്‍ ഭരണഘടന സാധുത പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഉചിതമായ ഘട്ടത്തില്‍ പുതിയ അഞ്ചംഗ ഭരണഘടന ബഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494ാം വകുപ്പ് പ്രകാരം ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും അനുവദനീയമാണെന്നും അത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി ഉപാധ്യായ നല്‍കിയ പൊതുതാത്‌പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവര്‍. മാത്രമല്ല താന്‍ അത് പരിഗണിക്കുമെന്നും ഉചിതമായ ഘട്ടത്തില്‍ ഒരു ഭരണഘടന ബഞ്ച് രൂപീകരിക്കുമെന്നും ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു.
ഹര്‍ജിയുടെ നാള്‍വഴികള്‍ :ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 30 ന് ജസ്‌റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഹേമന്ദ് ഗുപ്‌ത, സൂര്യകാന്ത് , എംഎം സുന്ദ്രേഷ്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ച്, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ (എന്‍എച്ച്ആര്‍സി), ദേശീയ വനിത കമ്മിഷന്‍ (എന്‍സിഡബ്ല്യു), ദേശീയ ന്യൂനപക്ഷ കമ്മിഷൻ (എന്‍സിഎം) എന്നിവരോട് വിഷയത്തില്‍ പ്രതികരണം തേടിയിരുന്നു. എന്നാല്‍ ജസ്‌റ്റിസ് ബാനർജിയും ജസ്‌റ്റിസ് ഗുപ്തയും യഥാക്രമം സെപ്റ്റംബർ 23നും ഒക്‌ടോബർ ആറിനും വിരമിച്ചതോടെ ബഹുഭാര്യാത്വത്തിനും നിക്കാഹ് ഹലാലയ്‌ക്കുമെതിരായ എട്ട് ഹര്‍ജികൾ പരിഗണിക്കുന്നതിനുള്ള ബഞ്ച് പുനഃസംഘടിപ്പിക്കേണ്ടതായി വന്നു.