ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി മരവിപ്പിച്ചു. സുപ്രീംകോടതിയുടെ ചരിത്ര വിധി, രാജ്യദ്രോഹക്കേസുകളില്‍ കേന്ദ്രപുന:പരിശോധന പൂർത്തിയാകും വരെ. കേന്ദ്രവും സംസ്ഥാനങ്ങളും ഐപിസി 124 A വകുപ്പ് പ്രകാരം പുതിയ കേസുകൾ എടുക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശം. കൊളോണിയൽ കാലത്തെ രാജ്യദ്രോഹ ശിക്ഷ നിയമം പുനഃപരിശോധിക്കാൻ തയ്യാറാണെന്ന് കേന്ദ്രം ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
അനിശ്‌ചിതകാലത്തേക്കാണ് സുപ്രീംകോടതി വിധി. നിലവില്‍ ഈ കേസുകളില്‍ ജയിലിലുള്ളവർക്ക് ജാമ്യത്തിന് അപേക്ഷിക്കാം. രാജ്യദ്രോഹ കുറ്റത്തിന്‍റെ (124എ വകുപ്പ്) ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹർജികളിലും നിലവിൽ തീർപ്പുകൽപ്പിക്കാത്ത കേസുകളെക്കുറിച്ചും, ഭാവിയിലെ കേസുകൾ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ചും കൃത്യമായ വിവരം സമർപ്പിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ഇന്നലെ നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ സുപ്രധാന തീരുമാനം. സർക്കാരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച് ബുധനാഴ്‌ച ബെഞ്ചിനെ അറിയിക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകിയിരുന്നു.