ന്യൂഡല്‍ഹി:കേരളത്തില്‍ തെരുവ് നായ ശല്യം വർധിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ പട്ടികപ്പെടുത്താൻ സുപ്രീം കോടതിയുടെ നിര്‍ദേശം. ഹര്‍ജി സുപ്രീം കോടതി സെപ്‌റ്റംബര്‍ 26ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് കേസ് അടിയന്തമായി പരിഗണിക്കാനുള്ള തീരുമാനം.
തെരുവ് നായ ആക്രമണം തടയുവാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരന്‍ സാബു സ്‌റ്റീഫന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാനത്ത് എട്ട് പേരാണ് മരിച്ചത്. അതില്‍ രണ്ട് പേര്‍ പ്രതിരോധ വാക്‌സിന്‍ കുത്തി വച്ചവരായിരുന്നു.
സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വാക്‌സിന്‍ ഫലപ്രാപ്‌തിയെ കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഒരു സമിതി രൂപീകരിച്ചെന്നാണ് മനസിലാക്കുന്നതെന്ന് ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഹര്‍ജി വീണ്ടും അടിയന്തരമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.