ന്യൂഡല്‍ഹി: സംസ്ഥാനങ്ങളോട് ലൈംഗിക തൊഴിലാളികളുടെ ജീവിത സാഹചര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. 12 ആഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജസ്റ്റിസ് ബി. ആര്‍ ഗവായി, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരുടെ അധ്യക്ഷതയിലുള്ള ബഞ്ചിന്‍റേതാണ് നടപടി.
ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം ലൈംഗിക തൊഴിലാളികള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണം എന്നാവശ്യപ്പെട്ട് ബുദ്ധദേവ് കര്‍മസ്‌കര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ലൈംഗികത്തൊഴിലാളികളെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എല്ലാ സംസ്ഥാനങ്ങളോടും ലൈംഗിക തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പശ്ചിമ ബംഗാളൊഴികെയുള്ളവര്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
സംസ്ഥാനങ്ങള്‍ ഉടന്‍ തന്നെ നിലപാട് വ്യക്തമാക്കണം:ലൈംഗികത്തൊഴിലാളികളെ തടങ്കലിൽ വയ്‌ക്കാനാവില്ലെന്ന് കോടതി നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്ന് അവരെ ജയിലില്‍ അടയ്ക്കുകയാണെന്നും മറ്റാരെയും കാണാന്‍ അനുവദിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിന് മറുപടിയായാണ് അവരുടെ ജീവിതാവസ്ഥ പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്.
വിഷയത്തിലെ കേന്ദ്ര ബില്ലിന്‍മേല്‍ എല്ലാ സംസ്ഥാനങ്ങളും നിലപാടറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും യാതൊരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ല. കോടതിയുടെ നിര്‍ദേശത്തില്‍ അനാസ്ഥ പാടില്ല. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ ക്യാബിനറ്റ് സെക്രട്ടറിയെ വിളിപ്പിക്കുമെന്നും ബഞ്ച് അറിയിച്ചു.
നമ്മള്‍ സുതാര്യതയുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ബില്ലുകള്‍ സമര്‍പ്പിച്ചാല്‍ എന്താണ് പ്രശ്‌നം?. 12 ആഴ്‌ചയ്‌ക്കുള്ളില്‍ കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കേസിന്‍റെ പശ്ചാത്തലത്തില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നും ശാരീരികമായോ വാക്കുകൊണ്ടോ അവരെ ഉപദ്രവിക്കാന്‍ പാടില്ലെന്നും നേരത്തെ തന്നെ കോടതി നിര്‍ദേശിച്ചിരുന്നു.