ന്യൂഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയ നടപടിയിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി. രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് സുധാൻഷു ധുലിയ ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയപ്പോൾ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിലക്കിനെതിരെ സമർപ്പിച്ച മുഴുവൻ അപ്പീലുകളും തള്ളി ഹൈക്കോടതി വിധി ശരിവച്ചു. തുടർന്ന് ഉചിതമായ തീരുമാനത്തിന് വിഷയം ചീഫ് ജസ്റ്റിസ് യു.യു ലളിതിന് മുമ്പാകെ വയ്ക്കുകയാണെന്ന കാര്യത്തിൽ ഇരുവരും യോജിച്ചു.
കേസ് വാദം കേട്ട നാൾ തൊട്ട് ഹിജാബ് വിഷയത്തിൽ പ്രകടമായ അഭിപ്രായ ഭിന്നതയാണ് അവസാനം വിധിയിലും പ്രതിഫലിച്ചത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത 11 ചോദ്യങ്ങളുണ്ടാക്കി അവയുടെ എല്ലാം ഉത്തരങ്ങൾ ഹിജാബിന് അനുകൂലമായ വാദങ്ങൾക്ക് എതിരാണെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.
ഫെബ്രുവരി അഞ്ചിലെ കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കി വസ്ത്രത്തിന് മേൽ ഏർപ്പെടുത്തിയ എല്ലാ തരം നിയന്ത്രണങ്ങളും നീക്കുകയാണെന്ന് ജസ്റ്റിസ് സുധാൻഷു ധുലിയ വിധിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് തന്‍റെ പരിഗണന വിഷയം. പെൺകുട്ടികളുടെ ജീവിതം നാം മെച്ചപ്പെടുത്തുകയാണോ എന്നതാണ് തന്‍റെ ചോദ്യം. അല്ലാതെ ഹിജാബ് ഇസ്‍ലാമിലെ മൗലിക അനുഷ്ഠാനമാണോ എന്ന വിഷയം ഈ കേസിൽ പരിഗണനാർഹമല്ലെന്ന് ജസ്റ്റിസ് ധുലിയ തന്റെ വിധിപ്രസ്താവനയിൽ വ്യക്തമാക്കി.
തുടക്കം ഉഡുപ്പി പിയു കോളജില്‍: 2021 ഡിസംബർ 27ന് ഉഡുപ്പി സർക്കാർ പിയു കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാർഥിനികളെ പുറത്താക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. അടുത്ത ദിവസങ്ങളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർഥികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ 2022 ജനുവരി ഒന്നിന് വിദ്യാർഥികൾ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നു. ജനുവരി 3ന് ചിക്കമംഗ്ലൂരു സർക്കാർ കോളജിലും ഹിജാബ് ധരിച്ച് എത്തിയവരെ പ്രിൻസിപ്പാളിന്‍റെ നേതൃത്വത്തിൽ പ്രധാന കവാടത്തിൽ തടഞ്ഞു. ഇതോടെ കർണാടകയിൽ പ്രതിഷേധം ശക്തമായി.