ന്യൂഡൽഹി: ഗവർണർമാരും മുഖ്യമന്ത്രിമാരും തമ്മിൽ അടിക്കടിയുണ്ടാകുന്ന ഏറ്റുമുട്ടലുകളിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി (Supreme Court expressed discontent in issues between governors and chief ministers). ഇരുവിഭാഗവും ആത്മാന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം നേരിടുന്നു എന്നാരോപിച്ച് സംസ്ഥാന ഗവര്‍ണര്‍ ബന്‍വര്‍ ലാല്‍ പുരോഹിതിനെതിരെ (Punjab Governor Banwarilal Purohit) പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീം കോടതി നിർദേശം.
നിയമസഭ പാസാക്കിയ ബില്ലുകളുടെ അംഗീകാരം തടഞ്ഞുവെന്ന സംസ്ഥാനത്തിന്‍റെ ഹർജിയിൽ ഗവർണർ സ്വീകരിച്ച നടപടി സംബന്ധിച്ച് വെള്ളിയാഴ്‌ചയ്ക്കകം വിശദാംശങ്ങൾ നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.
'സംസ്ഥാന സർക്കാരും ഗവർണറും അൽപ്പം ആത്മാന്വേഷണം നടത്തേണ്ടതുണ്ട്', കക്ഷികളുടെ അഭിഭാഷകനോട് കോടതി പറഞ്ഞു. ബജറ്റ് സമ്മേളനം വിളിക്കാൻ പാർട്ടികൾ എന്തിന് സുപ്രീം കോടതിയെ സമീപിക്കണം? ഗവർണറും മുഖ്യമന്ത്രിയും തീരുമാനിക്കേണ്ട വിഷയങ്ങളാണിവ. ധന ബില്ലുകളും വിദ്യാഭ്യാസ ബില്ലുകളും ഉൾപ്പെടെ നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളിൽ ഗവർണർ ഒപ്പിടില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അതിനാൽ ഈ വിഷയത്തിൽ കോടതിയുടെ പരിഗണന ആവശ്യമാണ് എന്ന് പഞ്ചാബ് സർക്കാരിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എ എം സ്വിംഗി കോടതിയെ അറിയിച്ചു.
നിയമസഭകള്‍ പാസാക്കിയിട്ടുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കുന്നത് ഗവര്‍ണര്‍മാര്‍ നീട്ടിക്കൊണ്ടു പോകുന്നത് എന്തിനാണ്, ഹര്‍ജിയുമായി സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുന്നതെന്തിനാണെന്നും ബെഞ്ച് ആരാഞ്ഞു. കേരളം, തമിഴ്‌നാട്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളും സമാനമായ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജികള്‍ നവംബര്‍ പത്തിന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.