ന്യൂഡല്‍ഹി: ലോട്ടറി കേസില്‍ പ്രതിയായ സാന്‍റിയാഗോ മാര്‍ട്ടിനെ 'മാഫിയ' എന്ന് വിശേഷിപ്പിച്ച മലയാള ദിനപത്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. ലോട്ടറി കച്ചവടം നടത്തുന്ന ഒരാളെ പരാമര്‍ശിക്കാന്‍ മാഫിയ എന്ന പദം ഉപയോഗിക്കുന്നത് അഭിനന്ദിക്കാനാകില്ല എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ദിനപത്രത്തിന്‍റെ മാനേജിംഗ് ഡയറക്‌ടർ അടക്കമുള്ളർക്കെതിരെ 2020 ല്‍ സാന്‍റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റിസ് സഞ്ജയ് കിഷൻ കൗളും ജസ്‌റ്റിസ് എഎസ് ഓക്കയും അടങ്ങുന്ന ബെഞ്ചിന്‍റെ പരാമര്‍ശം.
ഇതേ ആവശ്യം പരിഗണിച്ച് ഗാംഗ്‌ടോക്ക് മജിസ്‌ട്രേറ്റ് നൽകിയ സമൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ട സിക്കിം ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് മാര്‍ട്ടിന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യമില്ലാത്ത വിശേഷണങ്ങൾ ഉപയോഗിച്ച് നിങ്ങളും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. 'മാഫിയ' എന്ന് ഉപയോഗിച്ചില്ലെങ്കിൽ ആ പ്രസ്‌താവനയില്‍ തെറ്റില്ലായിരുന്നുവെന്നും ജസ്‌റ്റിസ് കൗള്‍ പറഞ്ഞു.