ന്യൂഡൽഹി :സുപ്രീം കോടതി റദ്ദാക്കിയ 2021ലെ ട്രിബ്യൂണൽ പരിഷ്കാര ഓർഡിനൻസ് പാർലമെന്‍റിൽ പാസാക്കിയതിൽ കേന്ദ്രസർക്കാരിന്‍റെ വിശദീകരണം തേടി സുപ്രീംകോടതി.
ഓർഡിനൻസ് പാസാക്കിയതിൽ പാർലമെന്‍റിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും സുപ്രീം കോടതി റദ്ദാക്കിയതിന് ശേഷം സർക്കാർ ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള കാരണം എന്താണെന്ന് അറിയണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.
എന്നാൽ ഓർഡിനൻസ് ഇപ്പോൾ നിയമമായി മാറിയിരിക്കുന്നുവെന്നും വിഷയത്തിൽ പ്രതികരിക്കാൻ സമയം ആവശ്യമാണെന്നും സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ, തുഷാർ മേത്ത പറഞ്ഞു.
കോടതിയുടെ വിവിധ ഉത്തരവുകളുണ്ടായിട്ടും രാജ്യത്തുടനീളമുള്ള ട്രിബ്യൂണലുകളിൽ ധാരാളം ഒഴിവുകൾ വന്നതിൽ കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. എന്നാൽ നിയമന നടപടികൾ തുടരുകയാണെന്നും വിഷയത്തിൽ പ്രതികരിക്കാൻ രണ്ടാഴ്ച സമയം വേണമെന്നും തുഷാർ മേത്ത വ്യക്തമാക്കി.
Also Read: കൊവിഡ് : കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം തുടങ്ങി
എന്നാൽ നിയമനങ്ങളെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് മറുപടി കിട്ടുന്നതെന്നും രണ്ടാഴ്ചക്കുള്ളിൽ നിയമനങ്ങൾ നടപ്പാക്കാന്‍ പോകുകയാണോയെന്നും ജസ്റ്റിസ് സൂര്യകാന്ത് ആരാഞ്ഞു. നിയമനം നടത്താൻ സർക്കാരിന് നോട്ടിസ് നൽകിയ കോടതി നിയമനത്തിന് 10 ദിവസം അനുവദിച്ചിട്ടുമുണ്ട്.