ന്യൂഡല്‍ഹി : മുസാഫര്‍നഗറില്‍ (Muzaffarnagar Student Beaten) മുസ്‌ലിം വിദ്യാര്‍ഥിയെ അധ്യാപിക സഹവിദ്യാര്‍ഥികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിന്‍റെ നിലവിലെ സ്ഥിതി വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് (Uttar Pradesh Government) ആവശ്യപ്പെട്ട് സുപ്രീംകോടതി (Supreme Court Ask Response On Muzaffarnagar Slap). നിലവിലെ സ്ഥിതി വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് സൂപ്രണ്ടിനോടും (Police Superintend) ജസ്‌റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
മുസാഫര്‍നഗര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ പ്രായപൂര്‍ത്തിയാവാത്ത മുസ്‌ലിം വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം (Muzaffarnagar Slap Incident) ദേശീയതലത്തില്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംഭവം ചോദ്യം ചെയ്‌ത് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തുഷാര്‍ ഗാന്ധിക്കായി ഹാജരായ അഭിഭാഷകന്‍ ഷദൻ ഫറാസത്തിന്‍റെ വാദങ്ങൾ കേട്ട കോടതി, സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയക്കുകയും കേസിന്‍റെ വാദം കേള്‍ക്കല്‍ സെപ്‌റ്റംബര്‍ 25 ലേക്ക് മാറ്റുകയും ചെയ്‌തു.
കേസും എഫ്‌ഐആറും: അധ്യാപിക വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം ചര്‍ച്ചയായതോടെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിനിമ താരങ്ങളായ പ്രകാശ് രാജ്, സ്വര ഭാസ്‌കര്‍ തുടങ്ങി നിരവധിപേര്‍ അധ്യാപികയുടെ പ്രവൃത്തിയില്‍ വിമര്‍ശനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കിള്‍ ഓഫിസര്‍ ഖതൗലി രവിശങ്കറും പ്രതികരിച്ചിരുന്നു. പിന്നാലെയാണ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.