മുംബൈ : മഹാരാഷ്‌ട്രയിൽ അമിത് ഷാ പങ്കെടുത്ത അവാർഡ് ദാന ചടങ്ങിനിടെ സൂര്യാഘാതമേറ്റ് 11 പേർ മരിച്ചു. മഹാരാഷ്‌ട്ര നവി മുംബൈയിലെ ഖർഘറിൽ വച്ച് നടന്ന മഹാരാഷ്‌ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്കാണ് സൂര്യാഘാതമേറ്റത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇരുവരും നവി മുംബൈയിലെയും പൻവേൽ നഗരത്തിലെയും ആശുപത്രികളിൽ ചികിത്സയിലാണ്.
സൂര്യഘാതമേറ്റ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 50 ഓളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ 24 പേർ ചികിത്സയിൽ തുടരുകയാണ്. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ഡിസ്‌ചാർജ് ചെയ്‌തു.
പരിപാടിയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകൾ എത്തിയിരുന്നു. മുംബൈയിലെ റായ്‌ഗഡ് ജില്ലയിലെ ഖർഘർ പ്രദേശത്ത് ഞായറാഴ്‌ചയാണ് ചടങ്ങ് നടന്നത്. തുറന്ന ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് നടന്ന പ്രദേശത്തെ പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസായിരുന്നു.
മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. സൂര്യാഘാതമേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ചികിത്സ സൗജന്യമായിരിക്കും. അവരുടെ ചികിത്സ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ രോഗികളെ സ്‌പെഷ്യലൈസ്‌ഡ് ആശുപത്രികളിലേക്ക് മാറ്റാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ ആരോപണങ്ങളിൽ താൻ പ്രതികരിക്കുന്നില്ലെന്നും ദുരിതബാധിതർക്ക് ശരിയായ ചികിത്സ ഉറപ്പാക്കുന്നതിലാണ് തന്‍റെ മുൻഗണനയെന്നും ഷിൻഡെ പറഞ്ഞു.
പൻവേൽ മുനിസിപ്പൽ കോർപറേഷനിലെ ഒരു ഡെപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ രോഗികളുടെ ബന്ധുക്കളെയും മെഡിക്കൽ ടീമിനെയും ഏകോപിപ്പിക്കാനും സമയബന്ധിതമായി അപ്‌ഡേറ്റുകൾ നൽകാനും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരിപാടി വിജയകരമായി നടക്കുകയും ചെയ്‌തു. എന്നാൽ, പരിപാടിയിൽ പങ്കെടുക്കാനെത്തിയവരിൽ ചിലർ കഷ്‌ടപ്പെടുന്നത് കാണുന്നത് വേദനാജനകമാണെന്നും ഇത് വളരെ ദൗർഭാഗ്യകരമായ സാഹചര്യമാണ് എന്നും ഷിൻഡെ പ്രതികരിച്ചു.