ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്‍റെ മരണത്തിൽ ശശി തരൂരിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച ഹർജിയില്‍ വിധി പറയുന്നത് ഡൽഹിയിലെ റൗസ് അവന്യൂ കോടതി കോടതി ജൂലൈ രണ്ടിലേക്ക് മാറ്റി.
പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം കേട്ട ശേഷം ഏപ്രിൽ 12ന് സ്പെഷ്യൽ ജഡ്ജി ഗീതാഞ്ജലി ഗോയൽ ഉത്തരവ് പറയുന്നത് നീട്ടി വക്കുകയായിരുന്നു. സുനന്ദ പുഷ്‌കർ മാനസിക പീഡനത്തിന് ഇരയായതായും തുടർന്നാണ് സുനന്ദയുടെ ആരോഗ്യം മോശമായതെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചിരുന്നു.
മരണം ആത്മഹത്യയല്ലെന്നും വിഷം വായിലൂടെയോ ഇൻജക്ഷനിലൂടെയോ ആണ് സുനന്ദയുടെ ശരീരത്തിലെത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.
ശശി തരൂരിനെതിരെ തെളിവ് സമർപ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. മാനസികമായും ശാരീരികമായും സുനന്ദ പുഷ്‌കർ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും സുനന്ദയുടെ ബന്ധുക്കൾ പോലും തരൂരിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ശശി തരൂരിന് വേണ്ടി വാദിച്ച വികാസ് പാഹ്‌വ കോടതിയെ അറിയിച്ചു. കേസിൽ മുൻ കേന്ദ്ര മന്ത്രി കൂടിയായ ശശി തരൂർ ജാമ്യത്തിലാണ്. ഐപിസി 498-എ, 306 എന്നീ വകുപ്പുകൾ പ്രകാരമാണ് ശശി തരൂരിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
READ MORE:സുനന്ദ പുഷ്കറിന്‍റെ മരണം : കേസെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് നീട്ടി