ന്യൂഡൽഹി :അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം താപനിലയിൽ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ക്രമാനുഗതമായ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് (ഐഎംഡി). കൂടാതെ അടുത്ത രണ്ട് ദിവസങ്ങളിൽ മധ്യപ്രദേശ്, ഒഡിഷ, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.
'അടുത്ത 5 ദിവസങ്ങളിൽ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും പരമാവധി താപനിലയിൽ 2-4 ഡിഗ്രി സെൽഷ്യസ് ക്രമേണ ഉയരും. അടുത്ത 2 ദിവസങ്ങളിൽ മധ്യപ്രദേശ്, ഒഡിഷ, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. അതിന് ശേഷം ഇതിൽ കുറവുണ്ടാകും' - ഐഎംഡി ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.
വടക്കുപടിഞ്ഞാറൻ, ഉപദ്വീപ് മേഖലയുടെ ഭാഗങ്ങൾ ഒഴികെയുള്ള രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഏപ്രിൽ മുതൽ ജൂൺ വരെ സാധാരണയിലും കൂടുതൽ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ മാസം ആദ്യം കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു.