ന്യൂഡല്‍ഹി:കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രാജ്യത്തെ വായു ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിച്ചെന്ന് പഠനം. യുകെയിലെ സതാംപ്‌ടൺ സര്‍വകലാശാല, ഇന്ത്യയിലെ ജാര്‍ഖണ്ഡ് കേന്ദ്ര സര്‍വകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണ പഠനമാണ് വായു ഗുണനിലവാരം മെച്ചപ്പെട്ടെന്ന് കണ്ടെത്തിയത്. പ്രധാന നഗരങ്ങളിലെ ഉപരിതല താപനില കുറയ്ക്കുന്നതിനും ലോക്ക്ഡൗണ്‍ സഹായകരമായെന്ന് പഠനം ചൂണ്ടികാട്ടി.
ലോക്ക്‌ഡൗണിന് മുന്‍പും ശേഷവും
ഡല്‍ഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് പ്രധാന നഗരങ്ങളിലെ ലോക്ക്ഡൗണിന് മുന്‍പും ശേഷവുമുള്ള ഡാറ്റ താരതമ്യം ചെയ്‌തായിരുന്നു പഠനം. 2020 മാർച്ച് മുതൽ മെയ് വരെയുള്ള ലോക്ക്ഡൗൺ കാലത്തെ വിശദാംശങ്ങളാണ് ഉപയോഗിച്ചത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സെന്‍റിനൽ -5 പി, നാസയുടെ മോഡിസ് സെൻസറുകൾ തുടങ്ങിയ ഭൗമ നിരീക്ഷണ സെൻസറുകളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഗവേഷകര്‍ ഉപരിതല താപനിലയിലും അന്തരീക്ഷ മലിനീകരണത്തിലും എയറോസോളിലുമുള്ള മാറ്റങ്ങൾ അളന്നത്.