മുംബൈ: നിയന്ത്രണങ്ങള്‍ക്കിടയിലും ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍ ടിസ്സ് (ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്) കാമ്പസില്‍ പ്രദര്‍ശിപ്പിച്ചു. പ്രോഗ്രസീവ് സ്റ്റുഡന്‍റ് ഫോറം (പിഎസ്എഫ്) എന്ന വിദ്യാര്‍ഥി സംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കര്‍ശന നിര്‍ദേശം അവഗണിച്ചു കൊണ്ട് കാമ്പസില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം നടത്തിയത്. രാജ്യത്തിനകത്തും പുറത്തും വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട ബിബിസിയുടെ ഡോക്യുമെന്‍ററി കാമ്പസില്‍ പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ പദ്ധതിയിടുന്നതായി സൂചന ലഭിച്ചതോടെ ഇന്നലെ ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും എന്നറിയിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെയും വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പുകള്‍ അവഗണിച്ച് പിഎസ്‌എഫ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് (എബിവിപി), യുവജന വിഭാഗമായ ഭാരതീയ ജനത യുവമോര്‍ച്ച (ബിജെവൈഎം) തുടങ്ങിയവര്‍ രംഗത്തു വന്നു. ഇരു സംഘടനകളും കാമ്പസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിനെതിരായ ഗൂഢാലോചനയാണ് ഡോക്യുമെന്‍ററി പ്രദര്‍ശനം എന്നും ഇടതുപക്ഷ സംഘടനകള്‍ ഈ ഗൂഢാലോചനകളില്‍ പങ്കാളികളാണെന്നുമാണ് എബിവിപി പ്രതികരിച്ചത്.
ഡോക്യുമെന്‍ററി പ്രദര്‍ശനം ഗൂഢാലോചനയുടെ ഭാഗം:ഡോക്യുമെന്‍ററി അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് കാണിക്കുന്നതെന്നും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കൊണ്ടുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാമ്പസില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചതെന്നും ബിജെവൈഎം പ്രസിഡന്‍റ് തജീന്ദര്‍ സിങ് തിവാന പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംഘടനകള്‍ ടിസ് മാനേജ്‌മെന്‍റുമായി കൂടിക്കാഴ്‌ച നടത്തി. ഡോക്യുമെന്‍ററി കാമ്പസില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്‍റ് സംഘടന നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.
കാമ്പസ് പരിസരത്ത് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസും ഉറപ്പു നല്‍കിയിട്ടുണ്ട്. 'പൊലീസില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. നിയന്ത്രണങ്ങള്‍ അവഗണിച്ച് വീണ്ടും ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചാല്‍ അത് തടയാനായി എനിക്ക് കാമ്പസില്‍ പ്രവേശിക്കേണ്ടി വരും', തജ്‌വീര്‍ സിങ് തവാന പറഞ്ഞു.