ലഖ്‌നൗ : നിശ പാര്‍ട്ടിക്കിടെ (Night Party) ബാബു ബനാറസി ദാസ് സ്വകാര്യ സര്‍വകലാശാല (Babu Banarasi Das University) വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. ബിബിഡി സര്‍വകലാശാലയിലെ ബികോം (ഓണേഴ്‌സ്) വിദ്യാര്‍ഥിനി നിഷ്‌ഠ ത്രിപാഠിയാണ് ബുധനാഴ്‌ച രാത്രി ചിൻഹട്ട് ഏരിയയിൽ നടന്ന നിശ പാര്‍ട്ടിക്കിടെ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ നിഷ്‌ഠയെ പാര്‍ട്ടി നടക്കുന്നയിടത്തേക്ക് വിളിച്ചുവരുത്തിയ സുഹൃത്ത് ആദിത്യ പഥകിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു (Student Shot Dead In Lucknow).
സംഭവം ഇങ്ങനെ :ബിബിഡി സര്‍വകലാശാല ക്യാമ്പസില്‍ ഗണേശ് ചതുർഥിയുടെ ഭാഗമായുള്ള പരിപാടിക്ക് ശേഷം ദയാൽ റെസിഡൻസിയിലേക്ക് പോയതായിരുന്നു നിഷ്‌ഠ ത്രിപാഠി. സുഹൃത്ത് ആദിത്യ പഥകിന്‍റെ ക്ഷണത്തിലാണ് നിഷ്‌ഠ ദയാൽ റെസിഡൻസിയിലെത്തുന്നത്. കുറ്റകൃത്യം നടന്ന ഈ അപ്പാർട്ട്‌മെന്‍റിൽ രാത്രി വൈകിയും പാർട്ടി നടന്നതായും ഇവിടെ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
രാത്രി ഏറെ വൈകി നടന്ന പാർട്ടിയിൽ നിരവധി വിദ്യാർഥികളും പങ്കെടുത്തിരുന്നു. വെടിയേറ്റ നിഷ്ഠയെ സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
എന്നാല്‍ നിഷ്‌ഠയ്ക്കുനേരെ ഗൂഢാലോചനയുടെ ഭാഗമായി വെടിയുതിര്‍ത്തതാണോ, അതല്ല അബദ്ധത്തിൽ സംഭവിച്ചതാണോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവില്‍ പൊലീസ്. ഇതിന്‍റെ ഭാഗമായി നിഷ്‌ഠയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച ആദിത്യ പഥക്കിനെ കസ്റ്റഡിയിലെടുത്തതായും 302 വകുപ്പ് ചുമത്തി കേസെടുത്തതായും പൊലീസ് അറിയിച്ചു.
Also Read: Youth Fires Gunshots Arrested In Kolkata : ഗാർഹിക മാലിന്യ നിർമാർജനത്തെച്ചൊല്ലി അയൽവാസിയുമായി തർക്കം, വെടിയുതിർത്ത് യുവാവ്
ഫുട്‌ബോളിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വെടിവയ്‌പ്പ് : അടുത്തിടെ ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ കൗമാരക്കാരന്‍ വെടിയേറ്റ് മരിച്ചിരുന്നു. റിതേഷ് കുമാര്‍ എന്ന 15കാരനാണ് ലല്ലു കുമാര്‍ എന്ന കൗമാരക്കാരന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബിഹാറിലെ ജഹാനാബാദ് ജില്ലയിലെ ഘോസി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹാരാജ്‌ഗഞ്ച് ഗ്രാമത്തിലായിരുന്നു സംഭവം. വെടിയേറ്റതിന് പിന്നാലെ റിതേഷ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മഹാരാജ്‌ഗഞ്ചില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ലല്ലുവും റിതേഷും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ ലല്ലു തന്‍റെ പാന്‍റ്‌സിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പിസ്റ്റള്‍ എടുത്ത് റിതേഷിന് നേരെ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ റിതേഷിന്‍റെ തലയ്‌ക്കാണ് വെടിയേറ്റത്. സംഭവം നാട്ടുകാര്‍ റിതേഷിന്‍റെ വീട്ടുകാരെ അറിയിക്കുകയും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്‌തു. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് റിതേഷിനെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ ചികിത്സയിലിരിക്കെയാണ് റിതേഷ് മരണത്തിന് കീഴടങ്ങുന്നത്. ഇതിനിടെ നാട്ടുകാര്‍ ലല്ലുവിനെ പിടികൂടുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്‌തിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ലല്ലുവിനെ കസ്റ്റഡിയില്‍ എടുക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.