ബെംഗളുരു: രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി സർക്കാർ സ്‌കൂൾ കുട്ടികൾ നിർമിക്കാൻ പോകുന്ന സാറ്റലൈറ്റിന് അന്തരിച്ച കന്നട നടൻ പുനീത് രാജ്‌കുമാറിന്‍റെ പേര് നൽകും. ദേശീയ ശാസ്‌ത്ര ദിനത്തോടനുബന്ധിച്ച് ബെംഗളുരുവിലെ മല്ലേശ്വരത്ത് സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി അശ്വത് നാരായണയാണ് സാറ്റലൈറ്റിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. 20 സ്‌കൂളുകളിലെ 100 വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ഐഎസ്‌ആർഒയുടെ സഹായത്തോടെയാണ് സ്റ്റുഡന്‍റ്സ് സാറ്റലൈറ്റ് പ്രോജക്‌ട് നടപ്പാക്കുന്നത്.
ശാസ്‌ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മത്സരത്തിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുത്തത്. പുനീത് കുട്ടികളെയും കുട്ടികൾ പുനീതിനെയും സ്നേഹിച്ചിരുന്നതിനാലാണ് വിദ്യാർഥികൾ നിർമിക്കുന്ന ഉപഗ്രഹ വിക്ഷേപണ പദ്ധതിക്ക് അദ്ദേഹത്തിന്‍റെ പേര് നൽകാനുള്ള തീരുമാനമെന്ന് മന്ത്രി പറഞ്ഞു.