കോഴിക്കോട് : ചാത്തമംഗലത്ത് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിന് ഇരയായ ജൂനിയര്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. ചാത്തമംഗലം എംഇഎസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥി പുല്ലല്ലൂര് സ്വദേശി മിധുലാജിനാണ് പരിക്കേറ്റത്. മുഖത്തും മുതുകിനും ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റാഗിങ് നടത്തിയ സീനിയര്‍ വിദ്യാര്‍ഥികളില്‍ ആറുപേറെ സസ്പെന്‍ഡ് ചെയ്തു. കോളജ് കൗൺസിലിന്റെയും ആന്റി റാഗിങ് സെല്ലിന്റെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
ഇന്നലെയാണ് (ജൂലൈ 19) മിധുലാജ് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിന് ഇരയായത്. കോളജിലെ 20 സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മിധുലാജിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മിധുലാജിന്റെ വസ്ത്ര ധാരണ രീതിയും ഹെയര്‍ സ്റ്റൈലും ചോദ്യം ചെയ്താണ് വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. മിധുലാജിന്റെ കണ്ണിനേറ്റ ഗുരുതര പരിക്ക് കാരണം കാഴ്ചയ്ക്ക് പ്രശ്നമുണ്ട്.
കൂടാതെ മൂക്കിന്റെ എല്ലിനും ക്ഷതമേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മിധുലാജിന്റെ പിതാവിന്റെ പരാതിയില്‍ കുന്നമംഗലം പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച മിധുലാജിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മര്‍ദനമുണ്ടായത്. ഇതേ കോളജില്‍ മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി സീനിയര്‍ വിദ്യാര്‍ഥിയുടെ റാഗിങ്ങിനിടെ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
താമരശ്ശേരിയിലെ കോളജിലും സമാന സംഭവം :ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് താമരശ്ശേരിയിലെ ഐഎച്ച്ആര്‍ഡി കോളജില്‍ നിന്നുള്ള സമാനമായ വാര്‍ത്ത പുറത്ത് വന്നത്. ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ്ങിന് ഇരയാക്കിയ 15 സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് റാഗിങ്ങിന് ഇരയായത്.