ബെംഗളുരു : ഷോപ്പിങ് കോംപ്ലക്സിന്റെ മുകളിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ബ്രിഗേഡ് റോഡിലെ ഫിഫ്ത് അവന്യൂ മാളിലാണ് സംഭവം.
ബെംഗളൂരു സ്വദേശി ലിയ(20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ആന്ധ്രാപ്രദേശ് സ്വദേശിയുമായ ക്രിസ് പീറ്ററിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.20ഓടെയാണ് സംഭവം.
ഷോപ്പിങ്ങിനായി മാളിലെത്തിയതായിരുന്നു ഇരുവരും. കോണിപ്പടികൾ കയറുമ്പോൾ നിയന്ത്രണം തെറ്റിയ ലിയ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഇരുമ്പ് ഗ്രില്ലുകൾ ഇല്ലാതിരുന്നതിനാൽ ഗ്ലാസ് തകർന്ന് ലിയ താഴേക്ക് പതിച്ചു. ലിയയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന പീറ്ററും നിയന്ത്രണം തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
സ്വകാര്യ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥികളാണ് ഇരുവരും. സംഭവത്തിൽ കബന്‍ പാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.