ചണ്ഡിഗഡ്: ഇത് ചിന്ദെർ പാൽ കൗർ..അതിജീവനത്തിന്‍റെ പെൺകരുത്ത്. ആൺതുണയില്ലാതെ ജീവിക്കുന്ന ഒരുപാട് സ്‌ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. നിത്യവൃത്തിക്കായി എന്തു ജോലിയും െചയ്യാൻ മടിക്കാത്ത പെൺകരുത്തുകളെയും നമുക്കറിയാം..ഓട്ടോറിക്ഷാ ഡ്രൈവറായി ഉപജീവനം നടത്തുകയാണ് പഞ്ചാബിലെ ബൻഡി നഗർ സ്വദേശിനി ചിന്ദെർ പാൽ കൗർ.
അതിജീവനത്തിന്‍റെ നാൾവഴികൾ; ഇത് ചിന്ദെർ പാൽ കൗറിന്‍റെ കഥ അതിജീവനത്തെക്കുറിച്ച് ഒരുപാട് പറയാനുണ്ട് ഈ പെൺകരുത്തിന്. ഭർത്താവിന്‍റെ നിരന്തരമായ പീഡനത്തെത്തുടർന്ന് ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ വേളയിലാണ് ഈ നിമിഷത്തെ എന്തുകൊണ്ട് അതിജീവിച്ച് കൂടായെന്നത് ചിന്ദെർ പാൽ കൗർ ചിന്തിക്കുന്നത്. പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങളെയും കൊണ്ട് പ്രാരാബ്‌ധത്തിലേക്കും പട്ടിണിയിലേക്കും ഇറങ്ങിത്തിരിച്ച ചിന്ദെർ പാലിന് അതിജീവനം അത്ര എളുപ്പമായിരുന്നില്ല.
പ്രതിസന്ധികളെ മറികടന്നത് ഓട്ടോ ഡ്രൈവറായി
രാവിലെ പൈജാമയും ഷർട്ടുമിട്ട് ഓട്ടോ ഓടിക്കാനിറങ്ങും. ഒഴിവ് വേളകളിൽ ജ്യൂസ് വിൽക്കാനായി ഇറങ്ങും. ഓട്ടോറിക്ഷാ ഓടിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ഒരുപാട് പേർ ശ്രമിച്ചിരുന്നു. പക്ഷെ എന്‍റെ കുഞ്ഞുങ്ങളെ നോക്കാൻ എനിക്ക് ഇത് ചെയ്‌തെ പറ്റൂ. സമൂഹത്തിൽ നിന്നും സമുദായത്തിൽ നിന്നും ആദ്യം നേരിട്ടത് കടുത്ത അവഗണ മാത്രം.
എന്നാൽ ഇന്ന് പിന്തുണയുമായി എല്ലാവരും ഒപ്പമുണ്ടെന്നും ചിന്ദെർ പറയുന്നു. അപമാനിച്ച സമൂഹം തന്നെ അംഗീകരിച്ച കഥ ചിന്ദെറിന്‍റെ വാക്കുകളിൽ കേട്ടപ്പോൾ ആത്മവിശ്വാസത്തിന്‍റെ പെൺസ്വരം ദൃഡമായതു പോലെ. ഇൻസ്റ്റാൾമെന്‍റിെലടുത്താണ് വാഹനം വാങ്ങിയത്. കടങ്ങൾ ഓരോന്നായി വീട്ടിവരുന്നു. എന്‍റെ ഒറ്റ വരുമാനത്തിലാണ് വീട് കഴിയുന്നത്. കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നുണ്ട്.
ഇതെല്ലാം എനിക്ക് സാധിച്ചത് ഈ ഓട്ടോറിക്ഷാ ഓടിക്കുന്നതിലൂടെയാണ്. ഈ ജീവിതത്തിൽ ഞാൻ സംതൃപ്‌തയാണ് ചിന്ദെർ പാൽ കൗർ പറയുന്നു..13 വർഷമായി ഈ ജോലി ചെയ്യുന്നു. ഇനിയും തുടരും.സമൂഹത്തിൽ സ്‌ത്രീകൾക്ക് എങ്ങനെ അതിജീവിക്കാം എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ചിന്ദെർ പാൽ കൗറിനെപ്പോലെയുള്ളവർ.