കേരളം

kerala

ETV Bharat / bharat

Explained : 'സെമ്മെ'യില്‍ നിന്ന് ഉരുവംകൊണ്ട 'സെങ്കോല്‍' ; മൗണ്ട് ബാറ്റണില്‍ നിന്ന് തിരികെ വാങ്ങി നെഹ്‌റുവിന് കൈമാറിയ ചെങ്കോലിന്‍റെ കഥ - ചോളരാജാക്കന്‍മാര്‍

ചോളരാജാക്കന്മാര്‍ അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായാണ് ചെങ്കോലിനെ കണ്ടിരുന്നത്

story of sengol  sengol  sengol indian history  Indian Parliament  ചെങ്കോല്‍  പാര്‍ലമെന്‍റ്  ചോളരാജാക്കന്‍മാര്‍  ചെങ്കോല്‍ ചരിത്രം
sengol

By

Published : May 28, 2023, 8:48 AM IST

Updated : May 28, 2023, 9:46 AM IST

1947ല്‍ ബ്രിട്ടീഷുകാരില്‍ നിന്നുള്ള ഇന്ത്യയുടെ അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായി കണക്കാക്കുന്ന ചെങ്കോലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇത് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തമിഴില്‍ സെങ്കോല്‍ എന്ന് ഉച്ചാരണം വരുന്ന ചെങ്കോല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തിരുവാവടുതുറൈ ശൈവ മഠത്തില്‍ നിന്നുള്ള ചെങ്കോല്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് നേരത്തെ വ്യക്തമാക്കിയത്. ചെങ്കോല്‍ സൂക്ഷിക്കാന്‍ പാര്‍ലമെന്‍റ് മന്ദിരത്തേക്കാള്‍ പവിത്രവും ഉചിതവുമായ മറ്റൊരു സ്ഥലം ഇല്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.

എന്താണ് ചെങ്കോല്‍ ? :തമിഴ്‌നാട്ടില്‍ ചോളരാജവംശത്തിന്‍റെ കാലത്ത് ചെങ്കോല്‍ അധികാര കൈമാറ്റത്തെ അടയാളപ്പെടുത്താനായി ഉപയോഗിച്ചിരുന്നു. നീതി എന്ന് അര്‍ഥം വരുന്ന 'സെമ്മെ' എന്ന പദത്തില്‍ നിന്നാണ് സെങ്കോല്‍ (ചെങ്കോല്‍) എന്ന വാക്കിന്‍റെ ഉത്‌ഭവം. നിരവധി കൊത്തുപണികള്‍ കൊണ്ട് മനോഹരമാക്കിയ ചെങ്കോലിനെ അന്ന് ഭരണാധികാരികള്‍ അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായാണ് കണ്ടിരുന്നത്. ചോളന്മാര്‍ക്ക് തങ്ങളുടെ പരമാധികാരത്തിന്‍റെ പ്രതീകമായിരുന്നു ചെങ്കോല്‍.

സ്വതന്ത്ര ഇന്ത്യയും ചെങ്കോല്‍ ചരിത്രവും : ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുമ്പോള്‍ അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായി ഏത് തരത്തിലുള്ള ചടങ്ങാണ് ഉദ്ദേശിക്കുന്നതെന്ന് വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭു നെഹ്‌റുവിനോട് ചോദിച്ചിരുന്നു. ഇതില്‍ മറുപടി പറയാനായി നെഹ്‌റു ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരിയുടെ ഉപദേശം തേടി. ചോളരാജാക്കന്മാര്‍ അധികാരം കൈമാറുമ്പോള്‍ ചെങ്കോല്‍ ഒരു രാജാവില്‍ നിന്ന് അടുത്തയാളിലേക്ക് കൈമാറ്റം ചെയ്യാറുണ്ട്.

രാജഗുരുവാണ് ഈ ചെങ്കോല്‍ പുതിയ രാജാവിന് സമ്മാനിക്കുന്നത് എന്നുമായിരുന്നു രാജഗോപാലാചാരിയുടെ മറുപടി. പിന്നീട് ഈ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതും അദ്ദേഹം തന്നെയാണ്. ഇതിന് വേണ്ടി തമിഴ്‌നാട് തഞ്ചാവൂരിലുള്ള ശൈവമഠമായ തിരുവാടുതുറൈ അധീനത്തെ രാജഗോപാലാചാരി സമീപിച്ചു. ഏകദേശം 500 വര്‍ഷത്തോളം പാരമ്പര്യമുള്ള മഠം കൂടിയാണ് ഇത്. രാജഗോപാലാചാരിയുടെ ആവശ്യമറിഞ്ഞ മഠത്തിന്‍റെ അധികാരികള്‍ ചെങ്കോല്‍ നിര്‍മിക്കാന്‍ തയ്യാറായി.

എല്ലാ പ്രതീകങ്ങളെയും ഉള്‍പ്പെടുത്തി ഏകദേശം അഞ്ചടി നീളത്തിലായിരുന്നു അന്ന് ചെങ്കോലിന്‍റെ രൂപകല്‍പ്പന. ശ്രദ്ധയോടെയും ആത്മീയ പ്രാധാന്യം പാലിച്ചുകൊണ്ടും വേണം ഇത് നിര്‍മിക്കേണ്ടത് എന്ന നിര്‍ദേശവുമുണ്ടായിരുന്നു. പിന്നാലെ, ചെങ്കോല്‍ നിര്‍മിക്കാനായി അന്ന് എത്തിയത് ചെന്നൈയിലെ പ്രശസ്‌തനായ ആഭരണ നിര്‍മാണ വിദഗ്‌ധന്‍ വുമ്മിഡി ബംഗാരു ചെട്ടിയാണ്. ഒടുവില്‍ നീതി, ന്യായം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന നന്തി (കാള) രൂപത്തെയും മുകളില്‍ പ്രതിഷ്‌ഠിച്ച് ചെങ്കോല്‍ രൂപകല്‍പ്പന ചെയ്‌തു.

ബ്രിട്ടീഷുകാരില്‍ നിന്ന് രാജ്യത്തിന്‍റെ അധികാര കൈമാറ്റം നടന്ന ദിനം മൂന്ന് പേരാണ് തമിഴ്‌നാട്ടില്‍ നിന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. തിരുവാടുതുറൈ അധീനത്തിലെ ഉപ പുരോഹിതന്‍, നാദസ്വരം വിദ്വാനായ രാജരത്‌നം പിള്ള, ഒടുവര്‍ (ഗായകന്‍) എന്നിവരായിരുന്നു ചെങ്കോലുമായെത്തിയത്.

Also Read :ദേശീയതയുടെ കോട്ടയില്‍ നിന്ന് ഭരണസിരാകേന്ദ്രത്തിലേക്ക്, ചെങ്കോല്‍ ഇനി പാര്‍ലമെന്‍റിന്‍റെ ഭാഗം

ഇവര്‍ മൂവരും ചേര്‍ന്നാണ് ചെങ്കോല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിന് സമ്മാനിച്ചത്. തുടര്‍ന്ന് തിരികെ വാങ്ങുകയും ഗംഗാ ജലത്താല്‍ ശുദ്ധീകരിക്കുകയും ചെയ്‌തു. ശേഷം ഘോഷയാത്രയായി ചെങ്കോല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ വസതിയിലെത്തിച്ചു. അവിടെ വച്ചാണ് ചെങ്കോല്‍ അദ്ദേഹത്തിന് കൈമാറിയത്. ഈ വേളയില്‍ പ്രത്യേക ഗാനം ആലപിക്കപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ ചെങ്കോല്‍ പിന്നീട് ജവഹര്‍ലാല്‍ നെഹ്‌റു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരുന്നത്.

Last Updated : May 28, 2023, 9:46 AM IST

ABOUT THE AUTHOR

...view details