കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ അധ്യാപക നിയമന തട്ടിപ്പ് കേസ് അന്വേഷണത്തില്‍ ഇഡി കണ്ടുകെട്ടിയ അമ്പത് കോടി രൂപയും അഞ്ച് കോടി മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളും മുന്‍ പശ്ചിമബംഗാള്‍ വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടേതാണെന്ന് കേസിലെ കൂട്ട് പ്രതി അര്‍പ്പിത മുഖര്‍ജിയുടെ മൊഴി. പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തായിരുന്നു അര്‍പ്പിത. കേസില്‍ ഇഡി തിങ്കളാഴ്‌ച(19.09.2022) സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ അര്‍പ്പിത മുഖര്‍ജിയുടെ മൊഴി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അധ്യാപക നിയമന അഴിമതികേസ്: അമ്പത് കോടി രൂപ പാര്‍ഥ ചാറ്റര്‍ജിയുടേതെന്ന് അര്‍പ്പിത - Arpita Mukherjee testimony
ബംഗാളിലെ അധ്യാപകന നിയമന അഴിമതിക്കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.
തന്‍റെ അമ്മയുടെ സുരക്ഷയെ കരുതി താന്‍ ഇതുവരെ സത്യം മറച്ചുവക്കുകയായിരുന്നുവെന്ന് അര്‍പ്പിത മുഖര്‍ജി പറയുന്നു. പിടിച്ചെടുത്ത പണത്തിന്‍റെ യഥാര്‍ഥ ഉറവിടത്തെ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം നടത്തി വരികയാണ്. പാര്‍ഥ ചാറ്റര്‍ജിയേയും അര്‍പ്പിത മുഖര്‍ജിയേയും നിരവധി തവണ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തിട്ടുണ്ട്.
അലിപ്പോറിലുള്ള സ്‌ത്രീകളുടെ ജയിലില്‍ കഴിയവെയാണ് ഇഡിക്ക് അര്‍പ്പിത മുഖര്‍ജി എഴുതി തയ്യാറാക്കിയ മൊഴി നല്‍കുന്നത്. പാര്‍ഥ ചാറ്റര്‍ജിയും അര്‍പ്പിതയും ഒരുമിച്ചുള്ള 31 ഇന്‍ഷൂറന്‍സ് പോളിസികളുടെ പ്രീമിയം അടച്ചിരുന്നത് പാര്‍ഥ ചാറ്റര്‍ജിയായിരുന്നുവെന്ന് ഇഡി വ്യക്തമാക്കി. അധ്യാപക നിയമന അഴിമതി കേസില്‍ സിബിഐയും പാര്‍ഥ ചാറ്റര്‍ജിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തിരുന്നു.