ലഖ്‌നൗ:കാമുകനെ തേടി, ഇന്ത്യ - നേപ്പാൾ അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ സ്വദേശിനി സീമ ഹൈദറിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമാണ്. സീമ ഹൈദറുമായി ബന്ധപ്പെട്ട വിഷയത്തില്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിയാണ് പുതിയ സംഭവം. യുവതിയും നാല് മക്കളും നേപ്പാളില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തി കടന്ന സമയം ബസ് പരിശോധിച്ച ഇൻസ്‌പെക്‌ടര്‍ക്കും കോൺസ്റ്റബിളിനുമെതിരെയാണ് സസ്‌പെന്‍ഷന്‍ നടപടി.
സശാസ്‌ത്ര സീമ ബാല്‍ (എസ്‌എസ്‌ബി) 43-ാം ബറ്റാലിയൻ ഇൻസ്പെക്‌ടര്‍ സുജിത് കുമാർ വർമ, ചീഫ് കോൺസ്റ്റബിൾ ചന്ദ്ര കമൽ കലിത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ബസില്‍ ഉണ്ടായിരുന്നവരെ കാര്യക്ഷമമായി പരിശോധിച്ചില്ലെന്നും കൃത്യനിർവഹണത്തില്‍ ജാഗ്രത കുറവ് കാണിച്ചെന്നും ചുണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരായി നടപടി സ്വീകരിച്ചത്. 1,751 കിലോമീറ്റർ നീണ്ടുകിടക്കുന്ന രാജ്യത്തിന്‍റെ അതിർത്തി പ്രദേശം സംരക്ഷിക്കുന്ന സശാസ്‌ത്ര സീമ ബാല്‍ (എസ്എസ്ബി) ഓഗസ്റ്റ് രണ്ടിനാണ് ഇതുസംബന്ധിച്ച നടപടി ഉത്തരവ് പുറപ്പെടുവിച്ചത്.
സസ്പെൻഷന്‍ അന്വേഷണം പൂർത്തിയാകുന്നതുവരെ:മെയ് 13നാണ് സീമയും നാല് കുട്ടികളും ഖുൻവ അതിർത്തിയിലൂടെ രാജ്യത്തെത്തിയത്. ഈ സമയം വാഹനങ്ങൾ പരിശോധിക്കുന്നതില്‍ എസ്‌എസ്‌ബി 43-ാം ബറ്റാലിയൻ ഇൻസ്പെക്‌ടര്‍ സുജിത് കുമാർ വർമ, ചീഫ് കോൺസ്റ്റബിൾ ചന്ദ്ര കമൽ കലിത എന്നിവര്‍ അനാസ്ഥ കാണിച്ചു. യുവതിയും കുട്ടികളും രാജ്യത്ത് കടക്കാന്‍ എസ്എസ്ബി ഉദ്യോഗസ്ഥൻ കാരണക്കാരായെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്‌ടര്‍, കോൺസ്റ്റബിള്‍ ഉദ്യോഗസ്ഥര്‍ക്ക് വിസയില്ലാതെ എത്തിയ ഇവരെ തടയാന്‍ കഴിഞ്ഞില്ലെന്നും നടപടി സംബന്ധിച്ച ഉത്തരവില്‍ പറയുന്നു.
സീമ ഹൈദര്‍ കേസ് പുറത്തുവന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് വിഷയത്തിൽ എസ്എസ്ബി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഉദ്യോഗസ്ഥര്‍ സസ്പെൻഷനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. പാകിസ്ഥാനിലെ സിന്ധ് സ്വദേശിനിയാണ് സീമ ഹൈദര്‍. ഗ്രേറ്റർ നോയിഡ റബുപുര സ്വദേശിയായ സച്ചിൻ മീണയ്‌ക്കൊപ്പം താമസിക്കാനാണ് മക്കളോടൊപ്പം ഇവര്‍ എത്തിയത്. പാകിസ്ഥാനിൽ നിന്ന് ദുബായ് വഴിയാണ് ഇവര്‍ നേപ്പാളിലെത്തിയത്.
പ്രണയം ഉടലെടുത്തത് 2019ല്‍:പബ്‌ജി ഓണ്‍ലൈന്‍ ഗെയിം വഴിയാണ് ഇവര്‍ പരിചയത്തിലായതും തുടര്‍ന്ന് പ്രണയത്തിലേക്ക് എത്തിയതും. വിസയില്ലാതെ രാജ്യത്തേക്ക് കടന്ന കുറ്റത്തിന് ജൂലൈ നാലിനാണ് സീമയും സച്ചിനും അറസ്റ്റിലായത്. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകി എന്ന കുറ്റത്തിലാണ് സച്ചിന്‍ പിടിയിലായത്. കേസില്‍ ഇക്കഴിഞ്ഞ ജൂലൈ ഏഴിന് ഇവർക്കു ജാമ്യം ലഭിച്ചിരുന്നു. നിലവില്‍, സീമ നാല് മക്കളോടൊപ്പം റബുപുര പ്രദേശത്തെ സച്ചിന്‍റെ വീട്ടിലാണ് താമസം.
2019ലാണ് സച്ചിനും സീമയും ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമായ പബ്‌ജിയിലൂടെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇന്ത്യയിലെത്തിയ അവര്‍, പാകിസ്ഥാനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് തീര്‍ത്ത് പറഞ്ഞിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുന്‍പ്, സീമയ്ക്ക് ഒരു ഹിന്ദി സിനിമയിൽ റോ (ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി) ഉദ്യോഗസ്ഥയുടെ വേഷം വാഗ്‌ദാനം ചെയ്‌തിരുന്നു. പുറമെ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) സീമയ്‌ക്ക് പാർട്ടിയുടെ വനിത വിഭാഗം പ്രസിഡന്‍റ് സ്ഥാനവും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റും വാഗ്‌ദാനം ചെയ്‌തിരുന്നു.
ALSO READ |Seema Haider Case | 'പാക് യുവതി മടങ്ങിയില്ലെങ്കില്‍ 26/11 ആക്രമണം ആവര്‍ത്തിക്കും'; മുംബൈ പൊലീസിന് ഭീഷണി ഫോണ്‍ കോള്‍