ഗുവാഹത്തി : ലൈംഗിക പീഡന പരാതിയില്‍ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബി വി ശ്രീനിവാസ് ഗുവാഹത്തി പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. പാർട്ടിയിൽ നിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട വനിത നേതാവ് നൽകിയ പരാതിയിൽ പൊലീസ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചതിനെ തുടർന്നാണ് ശ്രീനിവാസ് സ്‌റ്റേഷനിലെത്തിയത്. രാവിലെ ലോക്‌പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം 11 മണിയോടെയാണ് പാൻബസാർ വനിത പൊലീസ് സ്റ്റേഷനിൽ ശ്രീനിവാസ് ഹാജരായത്.
ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം സിഐഡി ഓഫിസിലേയ്‌ക്കാണ് ശ്രീനിവാസ് പോയത്. ഇതേ കേസിൽ ശ്രീനിവാസിന് സിഐഡി പ്രത്യേകം നോട്ടിസ് നൽകിയിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് ഇവിടെ നിന്ന് പുറത്തിറങ്ങിയ ബി വി ശ്രീനിവാസ് വിഷയം കോടതിയുടെ പരിഗണനയിലാണെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എംഎൽഎമാരായ റാക്കിബുൾ ഹുസൈൻ, റെക്കിബുദ്ദീൻ അഹമ്മദ് എന്നിവരും അദ്ദേഹത്തിന്‍റെ അഭിഭാഷകനും അസം കോൺഗ്രസ് നേതാക്കളും ശ്രീനിവാസിനെ അനുഗമിച്ചിരുന്നു.
കേസിനാസ്‌പദമായ സംഭവം :ഏപ്രിൽ 20 നാണ് വനിത നേതാവ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ശ്രീനിവാസിനെതിരെ പരാതി നൽകിയത്. ആറ് മാസത്തോളം ഇയാൾ തന്നെ നിരന്തരം ശല്യപ്പെടുത്തുകയും അസഭ്യവാക്കുകൾ ഉപയോഗിക്കുകയും പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. അടുത്തിടെ റായ്‌പൂരിൽ നടന്ന പാർട്ടിയുടെ പ്ലീനറി സെഷനിൽ ശ്രീനിവാസ് തന്നെ ശാരീരികമായി ഉപദ്രവിക്കുകയും കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും അവർ പരാതിയിൽ പറഞ്ഞിരുന്നു. ഏപ്രിൽ 18 ന് ഐ വൈ സി പ്രസിഡന്‍റിനെതിരെ തുടർച്ചയായി ഇവര്‍ ട്വീറ്റുകളിലൂടെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.